ചില സിനിമകൾ തിയേറ്ററിൽ പോയി കാണുമ്പോൾ ഒന്ന് ഇറങ്ങി പോയാൽ മതിയായിരുന്നു എന്ന് തോന്നാത്തവർ കുറവായിരിക്കും. പക്ഷെ ടിക്കറ്റിന് വേണ്ടി ചിലവാക്കിയ തുകയോർത്ത് നമ്മളിൽ പലരും ആ മോശം സിനിമ മുഴുവനായും ഇരുന്നു കാണും. എന്നാൽ ആ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് തിയേറ്റര്‍ ശൃംഖലയായ പി.വി.ആര്‍. ഐനോക്‌സ്.
തിയേറ്റര്‍ ശൃംഖലയായ പി വി ആര്‍ ഐനോക്‌സ് ഫ്ലെക്സി ഷോ എന്ന സംവിധാനത്തിലൂടെ ഒരാള്‍ സിനിമയുടെ ഇടയ്ക്ക് പോയാലും, ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പൈസ നല്‍കിയാല്‍ മതിയാകും. പ്രേക്ഷകൻ തിയറ്ററിൽ ഇരിക്കുന്ന സമയം മാത്രം പരിഗണിച്ചായിരിക്കും ടിക്കറ്റ് നിരക്ക്. നിലവിൽ ഡൽഹിയിലെയും ഗുഡ്‌ഗാവിലെയും 40 തിയേറ്ററുകളിലാണ് ആദ്യഘട്ടത്തിൽ ‘ഫ്ലെക്സി ഷോ’ പിവിആർ പരീക്ഷിക്കുന്നത്. പ്രേക്ഷകർ സിനിമയുടെ ഏത് ഘട്ടത്തിലാണോ ഇറങ്ങി പോകുന്നത് അതിന് ശേഷമുള്ള സിനിമയുടെ സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക.
സിനിമയുടെ ആകെ ദൈർഘ്യത്തിന്റെ 75 ശതമാനത്തിൽ അധികം ബാക്കിയുള്ളപ്പോഴാണ് പുറത്ത് പോകുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 60% തിരികെ ലഭിക്കും. 50 മുതൽ 75% വരെ ബാക്കിയുള്ളപ്പോൾ ഇറങ്ങിയാൽ 50% തുകയും 25%-50% വരെ ബാക്കിയുണ്ടെങ്കിൽ 30% ടിക്കറ്റു തുകയും തിരികെ ലഭിക്കും. അതേസമയം, സാധാരണ ടിക്കറ്റിനെക്കാൾ 10% അധിക ചാർജാണ് ഫ്ലെക്സി ടിക്കറ്റിന് ഈടാക്കുക. തിയേറ്ററിനുള്ളിലെ ഓരോ സീറ്റുകളും മോണിറ്റർ ചെയ്യുന്ന എഐ ക്യാമറകൾ ഉപയോഗിച്ചാണ് പ്രേക്ഷകൻ സീറ്റിലുണ്ടോ എന്ന് തീരുമാനിക്കുന്നത്. തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ബോക്സ് ഓഫിസ് കൗണ്ടറിലെത്തി ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് റീഫണ്ട് കൈപ്പറ്റാം.
Content Highlights: PVR INOX introduced a new system to refund tickets if they leave theatre early