ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ഒരു ശക്തമായ വേഷത്തിലെത്തിയിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തിയത്. ഇപ്പോഴിതാ അനുരാഗ് കശ്യപിനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'ശാലിനി ഉണ്ണികൃഷ്ണൻ, 'മനസ്സിലായോ'യിലെ ദീപ്തി സുരേഷ്, ബേബി ജോണിലെ പാട്ട്, ഇത് എല്ലാം ചേർത്തുവെച്ചാലും അതിനേക്കാൾ നന്നായി അനുരാഗ് കശ്യപ് മലയാളം സംസാരിച്ചു. മിസ്റ്റർ കശ്യപ് നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ദയവായി തെന്നിന്ത്യൻ സിനിമ വിട്ടുപോകരുത്,' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഈ കുറിപ്പ് അനുരാഗ് കശ്യപും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം റൈഫിൾ ക്ലബിന്റെ സംവിധായകൻ ആഷിഖ് അബുവിനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും അദ്ദേഹം നന്ദി പറഞ്ഞിട്ടുമുണ്ട്.
അതേസമയം റൈഫിൾ ക്ലബ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്നാണ് അഭിപ്രായം. അനുരാഗ് കശ്യപിനൊപ്പം സിനിമയിലെ ഫൈറ്റ് സീനുകൾക്ക് വലിയ റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ദിലീഷ് പോത്തന്, വാണി വിശ്വനാഥ്, ഹനുമാന് കൈന്‍ഡ്, വിജയരാഘവൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
Content Highlights: Anurag Kashyap's perfomance in Rifle Club praised