രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'ധോപ്' എന്ന് ആരംഭിക്കുന്ന ഗാനം സ്ഥിരം ഷങ്കർ സ്റ്റൈലിൽ വമ്പൻ സെറ്റുകളിലും ബഡ്ജറ്റിലുമാണ് ഒരുക്കിയിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെ ആടിത്തിമിർക്കുന്ന രാംചരണിനെയും ഗാനത്തിൽ കാണാനാകുന്നതാണ്.
തമൻ എസ്, റോഷിനി ജെകെ, പൃഥ്വി & ശ്രുതി രഞ്ജനി മൊതുമുടി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമൻ എസ് ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രി ആണ് തെലുങ്ക് വേർഷന്റെ വരികൾ എഴുതിയിരിക്കുന്നത്. ഇതിന് മുൻപ് ഗെയിം ചേഞ്ചറിന്റെതായി പുറത്തുവന്ന ഗാനങ്ങളെക്കാൾ മികച്ച പ്രതികരണങ്ങളാണ് ധോപ്പിന് ലഭിക്കുന്നത്. രാംചരണിന്റെ ഡാൻസിനും ഗാനത്തിന്റെ വിഷ്വലിനും കൈയ്യടികൾ ലഭിക്കുന്നുണ്ട്.
Is #RamCharan the BEST DANCER in Tollywood? 🔥🔥🔥 #GameChanger pic.twitter.com/qdztw0iFgR
— CineHub (@Its_CineHub) December 22, 2024
സിനിമയിലേതായി മുൻപ് പുറത്തുവന്ന 'നാനാ ഹൈറാനാ' എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനത്തിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തത് പോലെയാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമക്ക് നല്ല രീതിയിൽ ഒരു ലിറിക് വീഡിയോ പോലും ചെയ്യാനാകില്ലേ എന്നാണ് പ്രേക്ഷകർ ചോദിച്ചത്. കല്യാണ വീഡിയോകളിൽ കാണുന്ന തരത്തിൽ ഉള്ള എഡിറ്റ് ആണെന്നും പിക്സ് ആർട്ട് തുടങ്ങിയ ആപ്പുകളിൽ എഡിറ്റ് ചെയ്തത് പോലെയാണ് ഗാനം ഉള്ളതെന്നും കമന്റുകൾ വന്നിരുന്നു.
കേരളത്തിൽ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജനുവരി 10ന് സംക്രാന്തി റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുക.
Content Highlights: Ram Charan's Game Changer movie new song Dhop gets good response