
എല്ലാ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ തന്റെ ഭാഗത്തിന്റെ ഡബ്ബിങ് കഴിഞ്ഞെന്നും കണ്ടതത്രെയും ഗംഭീരമാണെന്നുമാണ് സുരാജ് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘എമ്പുരാനില്‍ എന്റെ ഭാഗത്തിന്റെ ഡബ്ബിങ് ഞാന്‍ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ജംഗിള്‍ പൊളിയാണ് ചെക്കന്‍ അതില്‍ ചെയ്തിരിക്കുന്നത്. സസ്‌പെന്‍സ് ഒന്നും ഞാന്‍ നശിപ്പിക്കുന്നില്ല. പക്ഷേ കണ്ടിട്ട് പൃഥ്വി അതില്‍ ജംഗിള്‍ പൊളിയാണ്. എന്റെ ഭാഗങ്ങളും പിന്നെ അവിടെയും ഇവിടെയുമൊക്കെ ഞാന്‍ കണ്ടു. അതൊന്നും ഒരു രക്ഷയുമില്ല,' എന്ന് സുരാജ് പറഞ്ഞു.
'പൃഥ്വിരാജ് എന്ന സംവിധായകൻ ഒരു ഒരു മനുഷ്യന്‍ ഒന്നും അല്ല, ഒരു റോബോട്ട് ആണ്. എന്തൊക്കെ കാര്യങ്ങളാണ് പെര്‍ഫെക്ടായി ചെയ്യുന്നത്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട്. എല്ലാ സംവിധായകര്‍ക്കും അതുണ്ട്. പക്ഷേ ഇത് നമ്മള്‍ തന്നെ ഞെട്ടിപ്പോകും. ഓരോ സംവിധായകരുടെ രീതിയാണല്ലോ വരുന്നു, ഈ ലൊക്കേഷന്‍ ഒക്കെ കാണുന്നു, പിന്നെ ബാക്കിയെല്ലാം ചെയ്യുന്നു. എന്നാല്‍ പൃഥ്വി വന്ന ഉടനെ ടക് ടക് എന്ന് പറയുന്ന പോലെ ഷോട്ട് എടുക്കും. എഡിറ്റ് ചെയ്താണ് ഓരോ സീനും എടുത്ത് പോകുന്നത്. അനാവശ്യമായി ഒരു ഷോട്ട് എടുക്കുകയോ ഒന്നും ചെയ്യില്ല,' എന്നും സുരാജ് കൂട്ടിച്ചേർത്തു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Suraj Venjaramoodu words about Empuraan and Prithviraj viral