റൈഫിള്‍ ക്ലബിന്റെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ മൃഗയ എന്ന സിനിമയുമായി ബന്ധപ്പെട്ട ചിത്രത്തിലെ ഒരു ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മൃഗയ സിനിമക്കായി മമ്മൂട്ടി മെത്തേഡ് ആക്ടിങ് പരിശീലിച്ചെന്നും അതിനായി ഗുഹയില്‍ താമസിച്ചു എന്നെല്ലാം ഒരു കഥാപാത്രം പറയുന്നതായിരുന്നു ട്രെയ്‌ലറിലുണ്ടായിരുന്നത്.
ഈ ഡയലോഗിനെ കുറിച്ച് രസകരമായി സംസാരിക്കുകയാണ് റൈഫിള്‍ ക്ലബില്‍ പ്രധാന വേഷങ്ങളിലെത്തിയ ദിലീഷ് പോത്തനും വിജയരാഘവനും. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ മൃഗയ സിനിമ റിലീസ് ചെയ്ത സമയത്ത് ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയിലുണ്ടായിരുന്നോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി അതൊന്നും എനിക്കറിയില്ലേ എന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.
മമ്മൂക്ക ഗുഹയില്‍ പോയോ ഇല്ലയോ എന്നറിയാനാണെങ്കില്‍ അത് മമ്മൂക്കയോട് തന്നെ ചോദിക്കേണ്ടി വരുമെന്ന് ദിലീഷ് പോത്തനും പറഞ്ഞു. റൈഫിള്‍ ക്ലബില്‍ വിനീത് കുമാര്‍ ഷാജഹാന്‍ എന്ന സിനിമാനടന്റെ വേഷത്തിലാണ് എത്തുന്നത്. ഈ കഥാപാത്രത്തിനോട് ഒരു നിര്‍മാതാവ് മൃഗയ സിനിമയെ കുറിച്ച് അന്നത്തെ സിനിമാ മാഗസിനില്‍ വന്ന ലേഖനത്തെ കുറിച്ച് സംസാരിക്കുന്നതായാണ് ചിത്രത്തിലുള്ളത്.
അതേസമയം, തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായി ആഷിഖ് അബു ഒരുക്കിയിരിക്കുന്ന റൈഫിള്‍ ക്ലബിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോളിവുഡില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.
ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Dileesh Pothan about Mrugaya and Mammootty's reference in Rifle Club movie