പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് സലാർ. വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. ചിത്രത്തിൽ എല്ലാവരും ചർച്ച ചെയ്ത ഒരു സീൻ ആയിരുന്നു പ്രഭാസിന്റെ കഥാപാത്രം ഒരു പ്ലാസ്റ്റിക് കത്തിയെടുക്കുമ്പോൾ അമ്മ ആ കത്തി പിടിച്ചുവാങ്ങുന്നത്. നിറയെ ട്രോളുകളായിരുന്നു ആ സീനിന് ലഭിച്ചത്. ഇപ്പോഴിതാ ആ സീനിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് സംവിധായകൻ പ്രശാന്ത് നീൽ.
ആ സീനിന് പിന്നിലെ കാരണം മനസിലാക്കാൻ പ്രേക്ഷകർ രണ്ടാം ഭാഗം വരെ കാത്തിരിക്കണമെന്ന് മനസുതുറന്നിരിക്കുകയാ പ്രശാന്ത് നീൽ. സലാർ 2 വിലെ ഒരു ഹൈലൈറ്റായിട്ടാണ് താൻ അതിനെ കാണുന്നതെന്നും ഹോംബാലെ ഫിലിംസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു. 'പ്രഭാസിന്റെ ദേവ എന്ന കഥാപാത്രം ഒരു പ്ലാസ്റ്റിക് കത്തിയെടുക്കുമ്പോൾ അമ്മയുടെ കഥാപാത്രം അതിനെ ഹൊറർ സീൻ പോലെയാണ് കാണുന്നത്. അതൊരിക്കലും അതിശയോക്തിയല്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ സിനിമയുടെ രണ്ടാം ഭാഗം വരെ നിങ്ങൾ കാത്തിരിക്കണം. അതുകൊണ്ട് ആദ്യ ഭാഗത്തിലെ ആ സീനിന് അത്രയും പ്രാധാന്യമുണ്ട്. നിങ്ങൾക്ക് ആദ്യഭാഗത്തിൽ തെറ്റായി തോന്നിയ കാര്യങ്ങൾക്കെല്ലാം കൃത്യമായ ഒരു ഡിസൈൻ രണ്ടാം ഭാഗത്തിൽ ഉണ്ട്', പ്രശാന്ത് നീൽ പറഞ്ഞു.
കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങിലെത്തിയിട്ടുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ആഗോള ബോക്സ് ഓഫിസിൽ നിന്ന് 600 കോടിക്കും മുകളിലാണ് കളക്ട് ചെയ്തത്. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും, തിരക്കഥയും ഒരുക്കിയത്. രണ്ട് സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlights: Prashanth Neel talks about a scene in Salaar Part one