'കിഷ്കിന്ധാ കാണ്ഡം' എന്ന വൻ വിജയത്തിന് ശേഷം ആസിഫ് അലിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമയാണ് 'രേഖാചിത്രം'. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ക്രൈം ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്ന സിനിമയായിരിക്കും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ഒപ്പം ആസിഫ് അലി, അനശ്വര രാജൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ട്രെയ്‌ലറിൽ കാണാം.
ട്രെയ്‌ലർ ഇതിനകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ആസിഫിന്റെ കരിയറിലെ മറ്റൊരു വലിയ വിജയമായി രേഖാചിത്രം മാറുമെന്ന പ്രതീക്ഷ പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. 2025 ജനുവരി ഒമ്പതിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്‌ലൈനിൽ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജോഫിൻ ടി ചാക്കോയാണ്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.
ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ് സൂപ്പർ, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ് , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്.
Content Highlights: Asif Ali movie Rekhachithram trailer out