എന്റെ പ്രവചനം പെർഫെക്ടായി, ഫഹദ് ഒരു ഗ്രേറ്റ് ആക്ടറാണ്: മോഹൻലാൽ

'ഫഹദിന്റെ പിതാവാണ് എന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്'

dot image

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ ആരാധകരെ ഉണ്ടാക്കിയ നടനാണ് ഫഹദ് ഫാസിൽ. ആരാധകര്‍ അദ്ദേഹത്തെ ഇഷ്ടത്തോടെ ഫഫ എന്നാണ് വിളിക്കുന്നത്. ഫഹദിന്റെ അഭിനയ മികവിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഫഹദിന്റെ പിതാവ് ഫാസിലുമായി വളരെക്കാലമായുള്ള ബന്ധമാണ് തനിക്കുള്ളത്. ഫഹദിനൊപ്പം സിനിമ ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. വർഷങ്ങൾക്ക് മുമ്പ് ഫഹദ് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഫാസിൽ തന്നോട് സംസാരിച്ചിരുന്നു. അന്ന് ഫഹദ് സിനിമയുടെ ഭാഗമാകട്ടെ എന്നും അയാൾക്ക് കഴിയട്ടെ എന്നുമായിരുന്നു താൻ മറുപടി കൊടുത്തത്. ഇന്ന് ഫഹദ് ഒരു മികച്ച നടനമായി മാറുകയും തന്റെ പ്രവചനം സത്യമാവുകയും ചെയ്തുവെന്നും മോഹൻലാൽ പറഞ്ഞു. സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.

'ഫഹദിന്റെ പിതാവാണ് എന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്. കഴിഞ്ഞ മാസം ഞാനും ഫാസിൽ സാറും ഒന്നിച്ച് അഭിനയിച്ചിരുന്നു, ലൂസിഫറിന്റെ സീക്വലായ എമ്പുരാൻ എന്ന സിനിമയിൽ. കുറേ വർഷങ്ങൾക്ക് മുമ്പ് ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ എനിക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കുക പറഞ്ഞാൽ എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്,'

'വർഷങ്ങളായി അദ്ദേഹത്തെയും കുടുംബത്തെയും എനിക്കറിയാം. ഫഹദ് ഒരു ഗ്രേറ്റ് ആക്ടറാണ്. ഫഹദ് യുഎസിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം എന്നോട്, ഫഹദിന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്, അവനൊരു പ്ലാറ്റ്‌ഫോം ലഭിക്കട്ടെ എന്നാണ്. എങ്ങനെയാണോ എന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തത് അതുപോലെ അവനെയും കൊണ്ടുവരാൻ ഞാൻ പറഞ്ഞു. പിന്നീട് ഫഹദ് സിനിമയിലേക്കെത്തി. എന്റെ പ്രവചനം പെർഫെക്ടായി മാറിയില്ലേ. ഫഹദ് ഒരു മികച്ച നടനാണ്,' എന്ന് മോഹൻലാൽ പറഞ്ഞു.

റെഡ് വൈൻ എന്ന സിനിമയിൽ മോഹൻലാലും ഫഹദും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2013ൽ റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തത് സലാം ബാപ്പുവായിരുന്നു. എസിപി രതീഷ് വാസുദേവൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ സിനിമയിൽ അനൂപ് എന്ന പൊതുപ്രവർത്തകന്റെ വേഷത്തിലാണ് ഫഹദ് അഭിനയിച്ചത്. ഇരുവർക്കും പുറമെ ആസിഫ് അലിയും സിനിമയിൽ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇപ്പോൾ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും മോഹൻലാലും ഫഹദും ഭാഗമാകുന്നുണ്ട്. ഇരുവർക്കും പുറമെ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, നയൻ‌താര തുടങ്ങിയ വലിയ താരനിര തന്നെ ഭാഗമാകുന്നുണ്ട്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആ​ന്റോ​ ​ജോസഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Mohanlal comments about Fahadh Faasil

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us