മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. വലിയ ക്യാൻവാസിൽ എത്തുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ നൽകിയ അഭിമുഖങ്ങൾ എല്ലാം ശ്രദ്ധ നേടുകയുമാണ്. ആ കൂട്ടത്തിൽ സുഹാസിനിയും മോഹൻലാലും ചേർന്നുള്ള അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ആഘോഷമായി മാറുകയും ചെയ്തു.
മണിരത്‌നം, കമൽഹാസൻ, രാം ഗോപാൽ വർമ്മ തുടങ്ങിയവരുടെ ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാലാണെന്നും പണ്ട് താൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം പറയുമ്പോൾ മോഹൻലാലിന്റെ കൂടെ അഭിനയിച്ചോ? എന്നാണ് കമൽ ചോദിക്കുക എന്നും സുഹാസിനി പറഞ്ഞു.
മണിയുടെ (മണിരത്‌നം) പ്രിയപ്പെട്ട നടൻ, കമലിന്റെ (കമൽഹാസൻ) പ്രിയപ്പെട്ട നടൻ, രാം ഗോപാൽ വർമ്മയുടെ പ്രിയപ്പെട്ട നടൻ എല്ലാം നിങ്ങളാണ്. കമലിന്റെ പ്രിയപ്പെട്ട നടൻ നിങ്ങളാണെന്ന് അറിയാമോ? ഞാൻ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ശേഷം തിരികെ വരുമ്പോൾ മോഹൻലാലിന്റെ കൂടെ അഭിനയിച്ചില്ലേ? നീ മോഹൻലാലിന്റെ അഭിനയം കാണണമെന്ന് കമൽ പറയും. അന്ന് കമലിനും 27 വയസ്സേയുള്ളൂ. അന്ന് പറയുമായിരുന്നു, മോഹൻലാൽ ഗംഭീരമായി അഭിനയിക്കും എന്ന്. എല്ലാവരും നിങ്ങളുടെ ആരാധകരാണ്. സുഹാസിനി പറഞ്ഞതിങ്ങനെ.
അതേസമയം ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് ബറോസ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
ബറോസിന്റെ റിലീസിന് മൂന്നോടിയായി ചിത്രത്തിന്‍റെ പ്രിവ്യൂ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. സംവിധായകൻ മണിരത്‌നം, നടി രോഹിണി, നടൻ വിജയ് സേതുപതി തുടങ്ങിയവർ ഷോയിൽ പങ്കെടുത്തിരുന്നു. ഈ പ്രിവ്യൂ ഷോയിൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
സിനിമയിലെ കഥാപാത്രങ്ങളും ത്രീ ഡി എഫക്ടുമെല്ലാം നന്നായി ഇഷ്ടപ്പെടുമെന്നും ബറോസ് കുടുംബസമേതം കാണാൻ സാധിക്കുന്ന സിനിമയായിരിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു. സിനിമയുടെ കഥയെയും ക്യാമറ വർക്കിനെയും മോഹൻലാലിന്റെ സംവിധാന മികവിനെയുമെല്ലാം നടി രോഹിണി പ്രകീർത്തിച്ചു. ബറോസ് പ്രധാനമായും കുട്ടികൾക്കായുള്ള സിനിമയാണെന്നും ഒരു ദൃശ്യവിരുന്നാണെന്നുമാണ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
Content Highlights: Suhasini opens up about the admirations of ManiRatnam, KamalHaasan, Ram Gopal Varma towards Mohanlal