നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. പീരീഡ് ഫാന്റസി ഴോണറിൽ ഒരുങ്ങിയ ചിത്രം ഇന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലെത്തി. ഇത്രയും വർഷത്തെ സിനിമ ജീവിതത്തിൽ പ്രേക്ഷകർ നൽകിയ സ്നേഹത്തിന് അവർക്ക് തിരിച്ചുകൊടുക്കുന്ന സമ്മാനമാണ് ബറോസ് എന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു.
'47 വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ പ്രേക്ഷകർ നൽകിയ സ്നേഹത്തിനും ബഹുമാനത്തിനും അതിന്റെ ഉത്തരവാദിത്തം പോലെ തിരിച്ചുകൊടുക്കാവുന്ന ഒരു സമ്മാനമാണ് ബറോസ്. അതുകൊണ്ടാണ് അവർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ചിൽഡ്രൻ ഫ്രണ്ട്ലി ആയ സിനിമയുണ്ടാക്കാം എന്ന് കരുതിയത്. ഇനി ഒരുപാട് സിനിമ ചെയ്യാൻ ഉള്ള പ്ലാൻ ഒന്നുമില്ല. എന്തായാലും നിങ്ങളുടെ അനുവാദത്തോടും ആശീവാദത്തോട് കൂടിയും സിനിമ നന്നായി പോകട്ടെ എന്ന് ആഗ്രഹിക്കുന്നു', മോഹൻലാൽ പറഞ്ഞു.
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Barroz is a gift for the audience says actor Mohanlal