പുഷ്പ 2 ദി റൂൾ എന്ന സിനിമയുടെ പ്രദർശനം ഒരു വിശദീകരണവുമില്ലാതെ റദ്ദാക്കുകയും പകരം ബോളിവുഡ് ചിത്രം ബേബി ജോൺ കാണുന്നതിന് പ്രേക്ഷകരെ നിർബന്ധിച്ചതായും ആരോപണം. ജയ്‌പൂരിലെ രാജ് മന്ദിർ തിയേറ്ററിലാണ് സംഭവം. ഡിസംബർ 25 ന് രാവിലെ നടത്തേണ്ടിയിരുന്ന പുഷ്പ 2 ഷോ പെട്ടെന്ന് കാൻസൽ ചെയ്യുകയും തുടർന്ന് അത് കാണാനെത്തിയവരെ ബേബി ജോൺ കാണാൻ നിർബന്ധിതരാക്കി എന്നുമാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാവിലെ 10:45 ന് നടത്തേണ്ടിയിരുന്ന പുഷ്പ 2 ന്റെ ഷോ പെട്ടെന്ന് കാൻസൽ ചെയ്യുകയായിരുന്നു. പകരം വരുൺ ധവാൻ ചിത്രം ബേബി ജോൺ പ്രദർശിപ്പിക്കുകയും ചെയ്തു, ബുക്ക്‌മൈഷോ പ്ലാറ്റ്ഫോമിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച അറിയിപ്പുകൾ ഒന്നും ലഭിച്ചിരുന്നില്ല. ഷോ റദ്ദാക്കിയ ശേഷം പ്രേക്ഷകർക്ക് പണം തിരികെ നൽകാത്തതിനാൽ ബേബി ജോൺ കാണുന്നതിന് നിർബന്ധിതരായാതായി പലരും ആരോപിച്ചു. ഇതിനെതിരെ പലരും പ്രതിഷേധവുമുയർത്തി.
അതേസമയം ആദ്യദിനമായ ഇന്നലെ വരുൺ ധവാൻ ചിത്രത്തിന് 12.50 കോടി മാത്രമാണ് ലഭിച്ചത്. അല്ലു അർജുൻ ചിത്രം പുഷ്പ 2, ഹോളിവുഡ് ചിത്രം മുഫാസ എന്നിവയിൽ നിന്ന് ബേബി ജോണിന് വലിയ മത്സരമാണ് നേരിട്ടത്. ഡിസംബർ ആദ്യവാരം പുറത്തിറങ്ങിയ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് ക്രിസ്മസ് ദിനത്തിൽ 15 കോടി രൂപയാണ് നേടിയിരിക്കുന്നത്. മുഫാസയാകട്ടെ 14.25 കോടിയും ക്രിസ്മസ് ദിനത്തിൽ കളക്ട് ചെയ്തു.
ബേബി ജോണിന് സമൂഹ മാധ്യമങ്ങളിലൂടെ സമ്മിശ്ര പ്രതികരണമാണ് നേടാനാവുന്നതും. തെരിയുടെ റീമേക്കായ ചിത്രത്തില്‍ വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് മറ്റ് പ്രതികരണങ്ങൾ.
Content Highlights: Audience Forced To Watch Baby John On Pushpa 2 Tickets