സമ്മിശ്രപ്രതികരണങ്ങള്‍ക്ക് നടുവിലും മികച്ച കളക്ഷന്‍ നേടി മോഹന്‍ലാലിന്‍റെ ബറോസ്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനായി ചിത്രത്തിനായി കുടുംബപ്രേക്ഷകരാണ് പ്രധാനമായും തിയേറ്ററുകളിലെത്തിയത്. പിരീഡ് ഫാന്റസി ഴോണറില്‍
കഥ പറയുന്ന ചിത്രം കുട്ടികള്‍ക്കായാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിലെത്തിയ ബറോസിന്‍റെ ഓപണിങ് ഡേ കളക്ഷന്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് മാത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ ബറോസ് ഒരു കോടിയിലധികം നേടിയിരുന്നു. റിലീസ് ദിനത്തിലെ മുഴുവന്‍ കണക്കുകളും പുറത്തുവരുമ്പോള്‍ ചിത്രം 3.6 കോടി നേടിയെന്നാണ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട്. ഇതോടെ മലയാളത്തിലെ ബോഗെയ്ന്‍വില്ലയുടെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ ബറോസ് മറികടന്നിരിക്കുകയാണ്. ബോഗെയ്ന്‍വില്ലയുടെ റിലീസ് ഡേ കളക്ഷൻ 3.3 കോടി രൂപയാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ 3.3 കോടി രൂപയായിരുന്നു.
സിനിമാ ട്രാക്കിങ് വെബ് സെെറ്റായ സാക്നിക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2024 ലെ കേരള ബോക്സ് ഓഫീസിലെ ആദ്യ ദിന കളക്ഷന്‍ പട്ടികയില്‍ ബറോസ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.
ഫഹദ് ഫാസില്‍ നായകനായ ആവേശം 3.65 കോടിയുമായി ബറോസിന് തൊട്ടു മുന്നിലുണ്ട്.
ഗുരുവായൂരമ്പലനടയില്‍, മാര്‍ക്കോ പുഷ്പ 2, മലൈക്കോട്ടെ വാലിബന്‍, ടര്‍ബോ, ആടുജീവിതം തുടങ്ങിയവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍. ആടുജീവിതമാണ് 6.55 കോടി കളക്ഷനുമായി ഒന്നാം
സ്ഥാനത്തുള്ളത്.
അതേസമയം, 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. ത്രീഡിയില്‍ എത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ബറോസിന്‍റെ നിര്‍മാണം.
Content Highlights: mohanlal movie barroz first day kerala collection report