മെയ്യഴകനിൽ നിന്ന് 18 മിനിറ്റുള്ള സീനുകൾ ഒഴിവാക്കിയതിൽ കുറ്റബോധമുണ്ടെന്ന് സംവിധായകൻ പ്രേംകുമാർ. മെയ്യഴകനിൽ നിന്ന് ഞാൻ വെട്ടി മാറ്റിയ സീനുകളായിരുന്നു ആ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. കാരണം മെയ്യഴകൻ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുന്ന ഭാഗമായിരുന്നു അത്. അയാളുടെ സ്വഭാവത്തെ കുറിച്ചായിരുന്നു ആ ഭാഗമെന്നും പ്രേംകുമാർ പറയുന്നു. പക്ഷെ സിനിമ ഇറങ്ങി ആഴ്ചകൾക്ക് ശേഷം ട്രിം ചെയ്ത ഭാഗങ്ങൾ ചർച്ചയായി. എന്തുകൊണ്ട് നിങ്ങൾക്ക് മുഴുവൻ സിനിമയും പ്രദർശിപ്പിച്ചുകൂടാ ഞങ്ങൾ അത് കാണാൻ തയ്യാറാണ് എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞതെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രേംകുമാർ പറഞ്ഞു.
'നിഷ്കളങ്കരായവർ അറിവില്ലാത്തവരാണ് എന്ന ഒരു പൊതുധാരണ സമൂഹത്തിലുണ്ട്. എഡിറ്റ് ചെയ്ത് മാറ്റിയ ആ ഭാഗം ആ ധാരണയെ പൊളിക്കുന്നതായിരുന്നു. 'മെയ്യഴകൻ' എന്ന ആൾ അറിവില്ലാത്ത ആളല്ല. അയാൾ നിഷ്കളങ്കനാണ്. അയാൾക്ക് അയാളുടേതായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്കറിയാം. ചതിക്കപ്പെട്ടു എന്നും അയാൾക്കറിയാം. പക്ഷെ അയാൾ പറയുന്ന രാഷ്ട്രീയം ആളുകൾക്ക് കണക്ട് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് റിവ്യൂ ചെയ്യുന്നവരിൽ നിന്ന് വിമർശനം ഉണ്ടായിരുന്നു'.
ആ സീനുകൾ ഒഴിവാക്കിയതിൽ എനിക്ക് കുറ്റബോധമുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവായ ആളല്ല ഞാൻ. പക്ഷെ സിനിമ റിലീസായി രണ്ടാമത്തെ ആഴ്ച മെയ്യഴകനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുന്നത് ഞാൻ കണ്ടു. വലിയ ഫൈറ്റാണ് അപ്പോൾ ചിത്രത്തെ ചൊല്ലി നടന്നുകൊണ്ടിരുന്നത്. 'നിങ്ങൾ കാരണമാണ് ആ മനുഷ്യന് കുറച്ചു ഭാഗം കളയേണ്ടി വന്നത് എന്ന രീതിയിലായിരുന്നു' ആളുകൾ വിമർശകരോട് പറഞ്ഞത്. 'ട്രിം ചെയ്യാത്ത സിനിമ കാണാൻ ഭാഗ്യമുണ്ടായി' എന്ന് ചിലരും പറഞ്ഞു. വീട്ടിൽ വന്ന് കുറച്ചു പേര്‍ 'ഭീഷണിപ്പെടുത്തി'. 'എന്തുകൊണ്ട് നിങ്ങൾക്ക് മുഴുവൻ സിനിമയും പ്രദർശിപ്പിച്ചുകൂടാ. ഞങ്ങൾ അത് കാണാൻ തയ്യാറാണ്' എന്നായിരുന്നു അവർ പറഞ്ഞത്. ഒടിടിയിൽ വന്നപ്പോഴും ആ ഭാഗങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. അതിനു ശേഷം ഡിലീറ്റഡ് സീൻ ആയിട്ടാണ് ആ ഭാഗങ്ങൾ പുറത്തുവിട്ടത്', പ്രേംകുമാർ പറഞ്ഞു.
കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമാണ് മെയ്യഴകൻ. മികച്ച പ്രതികരണം നേടിയ സിനിമയിലെ പ്രകടനങ്ങളും മ്യൂസിക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചതെങ്കിലും മെയ്യഴകന് തിയേറ്ററിൽ അർഹിച്ച വിജയം നേടാനായിരുന്നില്ല. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച അഭിപ്രായമാണ് സിനിമക്ക് ഒടിടിയിൽ ലഭിക്കുന്നത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യ, രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlights: I regret for cutting scenes from Meiyazhakan says director Premkumar