ലോകസിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ചിത്രം ആർആർആർ. രാംചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്‍ററി 'ആർആർആർ ബിഹൈൻഡ് ആൻഡ് ബിയോണ്ട്' നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിനോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്ന് രാം ചരൺ പറഞ്ഞു. 'കൊമുരം ഭീമുഡോ' എന്ന ഗാനരംഗത്തിൽ എൻടിആറിന്റെ പ്രകടം അസൂയ തോന്നിപ്പിച്ചു. കണ്ണുകളിലൂടെ അദ്ദേഹം ആ ഗാനത്തിൽ അഭിനയിച്ചു. ആ പ്രകടനം പ്രേക്ഷകരിലും ആഴത്തിലുള്ള വികാരം ഉണ്ടാക്കിയിട്ടുണ്ട്,' രാം ചരൺ പറഞ്ഞു. സംവിധായകൻ രാജമൗലിയും എൻടിആറിന്റെ അഭിനയത്തെ പ്രശംസിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ വിപുലമായ സെറ്റ് ഡിസൈനുകൾ മുതൽ നൃത്ത സീക്വൻസുകൾക്കായുള്ള തീവ്രമായ റിഹേഴ്‌സലുകളും തിരശ്ശീലയ്ക്ക് പിന്നിലെ കഠിനാധ്വാനത്തിൻ്റെ കാഴ്ചയും ഡോക്യുമെൻ്ററി ആരാധകർക്ക് നൽകുന്നുണ്ട്. മികച്ച അഭിപ്രായമാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററിയ്ക്ക് ലഭിക്കുന്നത്.
അതേസമയം, 95-ാമത് അക്കാദമി അവാർഡിൽ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടിയിരുന്നു. ഈ വിഭാഗത്തിൽ വിജയിക്കുന്ന ഒരു ഇന്ത്യൻ സിനിമയിലെ ആദ്യ ഗാനവും ഒരു ഏഷ്യൻ സിനിമയിലെ ആദ്യ ഗാനവുമാണിത്. ഒപ്പം മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും 'നാട്ടു നാട്ടു' നേടി. ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി വി വി ധനയ്യയാണ് സിനിമ നിർമിച്ചത്. എം എം കീരവാണി ആയിരുന്നു സംഗീതം. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
Content Highlights: Ram Charan said that he was jealous of Jr. NTR during the shooting of the movie 'RRR'