പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ തന്റെ കരിയർ ആരംഭിച്ച നടനാണ് ടൊവിനോ തോമസ്. പിന്നീട് സഹനടനായും വില്ലനായും നായകനായും, ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി ടൊവിനോ മാറി. ആക്ഷൻ രംഗങ്ങളിലും ഡാൻസിലുമെല്ലാം എന്നും തന്റെ മികവ് തെളിയിച്ചിട്ടുള്ള നടൻ കൂടിയാണ് അദ്ദേഹം. തന്റെ സിനിമകളിലെ സംഘട്ടന, നൃത്ത രംഗങ്ങളെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് നടൻ ഇപ്പോൾ.
സംഘട്ടന രംഗങ്ങളും ഡാൻസുമെല്ലാം അഭിനയത്തിന്റെ ഭാഗമാണ് എന്നും അതിനെ വേർതിരിച്ച് കാണേണ്ടതില്ലെന്നും ടൊവിനോ പറഞ്ഞു. എ ആർ എം എന്ന സിനിമയിൽ താൻ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങൾ സംഘട്ടന രംഗങ്ങളിൽ ഏർപ്പെടുമ്പോൾ അവരുടെ ശരീര ഘടനയ്ക്ക് അനുസരിച്ച് ആ സംഘട്ടനത്തിന്റെ രീതികളും മാറുമെന്ന് റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ടൊവിനോ പറഞ്ഞു.
'ആക്ഷൻ രംഗങ്ങളിൽ പെർഫോമൻസിനും പ്രാധാന്യമുണ്ട്. എല്ലാ സിനിമയിലും ഒരുപോലെയല്ല ഫൈറ്റ് ചെയ്യേണ്ടത്. എ ആർ എം എന്ന സിനിമ ചെയ്യുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം എന്തെന്നാൽ മൂന്ന് കഥാപാത്രങ്ങളും മൂന്ന് തരത്തിലാണ് കളരി അഭ്യാസം ചെയ്യുന്നത്. ഒരേ മൂവ്മെന്റ് തന്നെ വ്യത്യസ്തമായ ശരീര ഘടനയുള്ളവർ ചെയ്യുമ്പോൾ വ്യത്യസ്തമാകും. മണിയൻ ഒരു ഇടിയിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ ഒരിക്കലും ഭയക്കില്ല. അജയൻ നേരെ മറിച്ച് ഭയക്കും. കുഞ്ഞിക്കേളുവാകട്ടെ കുറച്ച് കൂടി അതിൽ ഒരു കമാൻഡ് ഉള്ള രീതിയിലാകും ചെയ്യുക,'
'ഫൈറ്റ് വേറെ, ഡാൻസ് വേറെ, അഭിനയം വേറെ എന്നില്ല. എല്ലാം അഭിനയത്തിന്റെ ഭാഗമാണ്. ഇപ്പോൾ തല്ലുമാല എന്ന സിനിമയിൽ ഡാൻസ് കളിക്കാൻ അറിഞ്ഞിട്ടല്ല ഞാൻ അത് ചെയ്‍തത്. ഞാൻ ഡാൻസ് കളിക്കുന്നത് പോലെ അഭിനയിച്ചതാണ് എന്നാണ് ഇപ്പോഴും അവകാശപ്പെടുന്നത്. ഞാൻ സ്‌ക്രീനിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും അഭിനയത്തിന്റെ ഭാഗമാണ്,' എന്ന് ടൊവിനോ തോമസ് പറഞ്ഞു.
Content Highlights: Tovino Thomas talks about dance and fights in his movies