'വണങ്കാൻ ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് സംവിധായകൻ ബാല നടി മമിത ബൈജുവിനെ അടിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിലെ സത്യാവസ്ഥ വ്യക്തമാക്കി നേരത്തെ നടി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ബാല. മമിത മകളെ പോലെ ആണെന്നും അടിക്കാൻ വേണ്ടി കൈ ഉയർത്തിയതേയുള്ളൂ, അടിച്ചില്ലെന്നുമാണ് ബാല പറയുന്നത്. തമിഴ് മാധ്യമമായ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മമിത എന്റെ മകളെ പോലെ, അതു മാത്രമല്ല പെൺകുട്ടികളെ ആരെങ്കിലും അടിക്കുമോ? അതൊരു ചെറിയ കുട്ടി അല്ലേ? മുംബൈയിൽ നിന്ന് വന്ന മേക്കപ്പ് ആർട്ടിസ്‌റ്റായിരുന്നു മമിതയ്ക്ക് മേക്കപ്പ് ഇട്ടത്. എനിക്ക് മേക്കപ്പ് ഇഷ്ടം അല്ല എന്നത് അവർക്ക് അറിയില്ലായിരുന്നു. അവരെ പറഞ്ഞു മനസിലാക്കാൻ മമിതയ്ക്ക് ഭാഷ അറിയില്ല. ഷോട്ടിന് വിളിച്ചപ്പോൾ ആരാണ് മേക്കപ്പ് ഇട്ടത് എന്ന ചോദിച്ചു. അടിക്കാൻ വേണ്ടി കൈ ഉയർത്തിയതേയുള്ളൂ, അപ്പോഴേക്കും അടിച്ചതായി വാർത്തകൾ വന്നു,' ബാല പറഞ്ഞു.
Bala responds to #MamithaBaiju controversy !!pic.twitter.com/NU3ZqAIhnn
— AmuthaBharathi (@CinemaWithAB) December 30, 2024
മുൻപൊരിക്കൽ മമിത സംവിധായകൻ തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്തു എന്നും ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.
'ബാല സാർ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റിൽ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയിൽ ഉയരാൻ ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. മറ്റു കമ്മിറ്റ്മെന്റുകൾ കാരണമാണ് എനിക്ക് ആ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്' എന്നാണ് മമിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നത്.
ചിത്രത്തിന്റെ തുടക്കത്തിൽ സൂര്യയായിരുന്നു നായകൻ സംവിധായകനുമായി ഒത്തു പോകാൻ കഴിയാത്തതിനാൽ പ്രൊജക്ടിൽ നിന്ന് പിൻമാറിയത്. നായികയാവേണ്ടിയിരുന്ന കൃതി ഷെട്ടിയും പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന മമിതയും പിന്നീട് സിനിമ വേണ്ടെന്നു വെച്ചു. പോസ്റ്റ് പ്രൊഡക്ഷനും മറ്റുമായി നാൽപത് ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചിരുന്നത്. കോടികൾ സൂര്യയ്ക്കു ചെലവാകുകയും ചെയ്തു. സൂര്യ പിന്മാറിയതോടെ അരുൺ വിജയെ നായകനാക്കിയാണ് ബാലയുടെ ചിത്രം ഒരുങ്ങുന്നത്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.
Content Highlights: Bala explained that he only raised his hand to hit Mamita