രാഹുൽ റിജി നായർ സംവിധാനം ചെയ്ത് സൈജു കുറുപ്പും സുരേഷ് കൃഷ്ണയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയാണ് ഫ്ലാസ്ക്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ഒരു പ്രമോഷണല്‍ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'കണ്‍വിന്‍സിങ് സ്റ്റാര്‍' സുരേഷ് കൃഷ്ണയും സൈജു കുറുപ്പും ആണ് വീഡിയോയിൽ ഉള്ളത്.
ഷോട്ടിനായി കാത്തിരിക്കുന്ന സുരേഷ് കൃഷ്ണയുടെ അടുത്തേക്ക് സൈജു എത്തുന്നതും ഇരുവരുടെയും റോളുകൾ കുറിച്ച് സംസാരിക്കുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ജഡ്ജിയുടെ കഥാപാത്രം ഡബിൾ റോളിൽ താൻ അവതരിപ്പിക്കാൻ ആദ്യം പ്ലാൻ ഉണ്ടായിരുന്നു എന്ന് സിജു പറയുന്നുണ്ട്. ഇത് കേട്ട് സുരേഷ് കൃഷ്ണ ദേഷ്യപ്പെട്ട് ഇറങ്ങിപോകുന്നതുമാണ് തമാശ രൂപേണ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഫ്ലാസ്കിന്‍റെ ഭാഗമായി നേരത്തെയും പരസ്പരം ട്രോളുന്ന വീഡിയോസ് സെെജുവും സുരേഷ് കൃഷ്ണയും രാഹുലും നേരത്തെയും ഇറക്കിയിരുന്നു.
രാഹുൽ റിജി നായർ തന്നെയാണ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം തിരക്കഥ എഴുതി നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ കൈയടികൾ നൽകിയ കേരള ക്രൈം ഫയൽസ് (സീസൺ 1), സോണി ലൈവിലൂടെ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്നീ വെബ് സീരീസുകൾക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ സംരംഭമാണിത്. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന്റെ ഷോ റണ്ണറും നിർമാതാവും തിരക്കഥാകൃത്തും രാഹുൽ റിജി നായരായിരുന്നു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തിയ വെബ് സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെയും രാഹുൽ അവതരിപ്പിച്ചിരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട്, അശ്വതി ശ്രീകാന്ത്, സിദ്ധാർഥ് ഭരതനും ഫ്ലാസ്കിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാഹുൽ റിജി നായർ, ലിജോ ജോസഫ്, രതീഷ് മഞ്ചേരി എന്നിവരാണ് സിനിമ നിർമിക്കുന്നത്. ജയകൃഷ്ണൻ വിജയൻ ആണ് സിനിമക്കായി ഛായാഗ്രഹണം നിർവഹിക്കുന്നത്. സിദ്ധാർത്ഥ പ്രദീപ് സംഗീതം കൈകാര്യം ചെയ്യുന്ന സിനിമയുടെ എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യന്‍ ആണ്.
Content Highlights : suresh krishna and saiju kurupp new location video goes viral