സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് 'വണങ്കാൻ'. ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണത്തിന് ശേഷം സൂര്യ സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടൻ അരുൺ വിജയ് ചിത്രത്തിൽ സൂര്യക്ക് പകരം നായകനായി എത്തുകയും ചിത്രം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ ആദ്യത്തെ നിര്‍മ്മാതാവും സൂര്യ ആയിരുന്നു. മലയാളത്തില്‍ നിന്നും മമിത ബൈജുവും ചിത്രത്തില്‍ ഉണ്ടായിരുന്നു.
സംവിധായകൻ ബാലയുമായുള്ള തര്‍ക്കമാണ് സൂര്യ സിനിമയിൽ നിന്ന് പിന്തിരിയാൻ കാരണം എന്ന രീതിയിൽ അഭ്യൂഹം പരന്നുവെങ്കിലും, ചില സാങ്കേതിക കാരണങ്ങളാല്‍ പിന്‍മാറുന്നു എന്നാണ് സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് 2ഡി ഫിലിംസ് ഇറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, സൂര്യ പ്രോജക്റ്റിൽ നിന്ന് പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബാല.
'ഞങ്ങൾ മറ്റൊരു സിനിമ ചെയ്യാൻ ആലോചിച്ചു. യഥാര്‍ത്ഥത്തിൽ ലൊക്കേഷനുകളിൽ സൂര്യയ്‌ക്കൊപ്പം ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. വലിയ ആൾക്കൂട്ടമാണ് കാരണം. ആരെങ്കിലും ഒരാള്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അല്ല. ഒന്നിച്ചെടുത്ത തീരുമാനമാണ് അത്. സത്യത്തിൽ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അത് ചോദ്യം ചെയ്യാനുള്ള അവകാശം സൂര്യയ്ക്കുണ്ട്' ബാല പറഞ്ഞത് ഇങ്ങനെ. ഗലാട്ട എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അതേസമയം, സെറ്റിൽ വെച്ച് നടി മമിതാ ബൈജുവിനെ ബാല അടിച്ചതായും വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ നടിയെ അടിച്ചില്ലെന്നും അടിക്കാനായി കൈ ഉയർത്തുകയേ ചെയ്തിട്ടുള്ളൂവെന്നും ബാല പറഞ്ഞു.
'മമിത എന്റെ മകളെ പോലെ. അതു മാത്രമല്ല പെൺകുട്ടികളെ ആരെങ്കിലും അടിക്കുമോ? അതൊരു ചെറിയ കുട്ടി അല്ലേ? മുംബൈയിൽ നിന്ന് വന്ന മേക്കപ്പ് ആർട്ടിസ്‌റ്റായിരുന്നു മമിതയ്ക്ക് മേക്കപ്പ് ഇട്ടത്. എനിക്ക് മേക്കപ്പ് ഇഷ്ടം അല്ല എന്നത് അവർക്ക് അറിയില്ലായിരുന്നു. അവരെ പറഞ്ഞു മനസിലാക്കാൻ മമിതയ്ക്ക് ഭാഷ അറിയില്ല. ഷോട്ടിന് വിളിച്ചപ്പോൾ ആരാണ് മേക്കപ്പ് ഇട്ടത് എന്ന് ചോദിച്ചു. അടിക്കാൻ വേണ്ടി കൈ ഉയർത്തിയതേയുള്ളൂ, അപ്പോഴേക്കും അടിച്ചതായി വാർത്തകൾ വന്നു,' ബാലയുടെ വാക്കുകൾ ഇങ്ങനെ.
Content Highlights: Director Bala clarified the reason for Suriya leaving the film Vanankan