നാഗ് അശ്വിൻ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തിയ ചിത്രമായിരുന്നു കൽക്കി 2898 എ ഡി. ബോക്സ് ഓഫീസിൽ 1000 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷൻ. സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിൽ തന്നെ ചർച്ചയായ കഥാപത്രമായിരുന്നു കൃഷ്ണന്റേത്. കൃഷ്ണനായി സിനിമയിൽ എത്തിയിരുന്നത് കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യനാണ്.
കൃഷ്ണന്റെ മുഖം വ്യക്തമാക്കാത്ത രീതിയിലായിരുന്നു ചിത്രീകരണം. രണ്ടാം ഭാഗത്തില്‍ കൃഷ്ണന്റെ കഥാപാത്രത്തിനായി മുതിര്‍ന്ന നടന്മാരെ കൊണ്ടുവരാന്‍ വേണ്ടിയാവും സംവിധായകന്‍ ഇത്തരത്തില്‍ ചിത്രീകരിച്ചത് എന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. രണ്ടാം ഭാഗത്തിൽ കൃഷ്‌ണനാകുന്നത് മഹേഷ് ബാബു ആണെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇപ്പോഴിതാ ചർച്ചകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ നാഗ് അശ്വിൻ.
'കല്‍ക്കി യൂണിവേഴ്‌സില്‍ കൃഷ്ണന്റെ മുഖം കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍, ഇനി ഭാവിയില്‍ അത്തരത്തില്‍ ഒരു ചിന്ത വന്നാല്‍, തീര്‍ച്ചയായും മഹേഷ് ബാബുവിനെ ആയിരിക്കും ആ കഥാപാത്രത്തിനുവേണ്ടി സമീപിക്കുക. അദ്ദേഹം ആ കഥാപാത്രത്തിന് കൃത്യമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ സാന്നിധ്യം ചിത്രത്തിന് സാമ്പത്തികമായും ഗുണം ചെയ്യും. ഖലേജ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കല്‍ക്കിയില്‍ കൃഷ്ണനായി എത്തുകയാണെങ്കില്‍ ആ കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനാവും,' നാഗ് അശ്വിൻ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർക്ക് പുറമേ ദീപിക പദുക്കോണും, ശോഭനയും ചിത്രത്തിൽ ഉണ്ട്. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്. സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കൽക്കിയുടെ രണ്ടാം ഭാഗം.
Content Highlights: Nag Ashwin said that he is approaching Mahesh Babu to play Krishna in Kalki