വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രം ബേബി ജോൺ തിയേറ്ററുകളിൽ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. വലിയ ക്യാൻവാസിൽ എത്തിയ സിനിമ ബോക്സ് ഓഫീസ് കളക്ഷനിൽ വലിയ തിരിച്ചടി കിട്ടുന്ന കാഴ്ചയാണുള്ളത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് ഇതുവരെ 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. ഇതോടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരാജയ സിനിമകളുടെ പട്ടികയിലേക്ക് ബേബി ജോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആദ്യദിനം മുതൽ ബേബി ജോണിന്റെ കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചു. ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് ആദ്യദിനത്തിൽ 12.50 കോടി മാത്രമാണ് ലഭിച്ചത്. 2016 ൽ പുറത്തിറങ്ങിയ തെരി ആദ്യദിനത്തിൽ 13.1 കോടിയായിരുന്നു നേടിയത് എന്നതും ശ്രദ്ധേയമാണ്. തെരിയാകട്ടെ ആഗോളതലത്തിൽ 150 കോടിയിലധികം രൂപയും നേടിയിരുന്നു.
ബേബി ജോണിനാകട്ടെ സമൂഹ മാധ്യമങ്ങളിലൂടെ തണുപ്പൻ പ്രതികരണമാണ് ആദ്യദിനം മുതൽ നേടിയത്. വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നത്. തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് മറ്റ് പ്രതികരണങ്ങൾ.
ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Baby John movie loss of 100 crores