കഴിഞ്ഞ വർഷം ബോളിവുഡിനെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല. 2023ൽ രണ്ട് 1000 കോടി സിനിമകൾ ബോളിവുഡിൽ നിന്ന് പിറന്നപ്പോൾ 2024 ൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും അധികം പണം വാരിയത് പുഷ്പ 2 എന്ന തെലുങ്ക് ചിത്രമാണ്. മാത്രമല്ല കഴിഞ്ഞ വർഷം ബോളിവുഡിലെ പല സൂപ്പർതാരങ്ങൾക്കും ബോക്സ് ഓഫീസിൽ വേണ്ടുംവിധം ശോഭിക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ വർഷം ഏറ്റവും അധികം സാമ്പത്തിക നഷ്ടമുണ്ടാക്കിയ ബോളിവുഡ് ചിത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ബഡേ മിയാൻ ഛോട്ടേ മിയാൻ
അക്ഷയ് കുമാറും ടൈഗർ ഷറോഫും മുഖ്യവേഷങ്ങളിലെത്തിയ 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രമാണ് ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പരാജയം. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ തിയേറ്ററുകളിൽ ആദ്യ ദിനം മുതൽ തകർന്നടിയുകയായിരുന്നു. 350 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ 63 കോടി മാത്രമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത് എന്നാണ് കൊയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. 287 കോടിയാണ് സിനിമയുണ്ടാക്കിയ സാമ്പത്തിക നഷ്ടം. 2024 ഏപ്രിലിലെ ഈദ് ദിനത്തിൽ തിയേറ്ററുകളിലെത്തി സിനിമയിൽ മലയാളി നടൻ പൃഥ്വിരാജാണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.
മൈതാൻ
കഴിഞ്ഞ വർഷം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ മറ്റൊരു ബോളിവുഡ് സൂപ്പർതാര ചിത്രമായിരുന്നു മൈതാൻ. അജയ് ദേവ്ഗൺ നായകനായെത്തിയ സിനിമ 250 കോടി ബജറ്റിലാണ് ഒരുങ്ങിയത്. എന്നാൽ സിനിമയ്ക്ക് 53 കോടി മാത്രമാണ് നേടാനായത്. 197 കോടിയാണ് സിനിമയുടെ നഷ്ടം. സീ സ്റ്റുഡിയോസ്, ബോണി കപൂർ, അരുണാവ ജോയ് സെൻഗുപ്ത, ആകാശ് ചൗള എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് അമിത് ശർമ്മയാണ്.
ഔറോണ്‍ മേം കഹാം ദും ധാ
അജയ് ദേവ്ഗണ്, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ചിത്രമാണ് ഔറോണ്‍ മേം കഹാം ദും ധാ. 100 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് 12.2 കോടി മാത്രമാണ് നേടാനായത്. 87.8 കോടിയാണ് സിനിമയുടെ നഷ്ടം.
യുദ്ര
സിദ്ധാന്ത് ചതുർവേദി നായകനായ ആക്‌ഷൻ ത്രില്ലർ ചിത്രമായിരുന്നു യുദ്ര. തെന്നിന്ത്യൻ താരം മാളവിക മോഹനൻ നായിക വേഷത്തിലെത്തിയ സിനിമ 50 കോടി ബജറ്റിലാണ് ഒരുങ്ങിയത്. എന്നാൽ സിനിമയ്ക്ക് ആഗോള തലത്തിൽ 12 കോടിയോളം രൂപ മാത്രമാണ് നേടാനായത്.
ഐ വാണ്ട് ടു ടോക്ക്
അഭിഷേക് ബച്ചൻ നായകനായെത്തിയ പുതിയ ചിത്രമാണ് ഐ വാണ്ട് ടു ടോക്ക്. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സിനിമയുടെ ബജറ്റ് 40 കോടിയാണ്. എന്നാൽ സിനിമയാകട്ടെ ആഗോളതലത്തിൽനേടിയത് വെറും മൂന്ന് കോടിയിൽ താഴെ മാത്രമാണ്.
Content Highlights: Bollywood biggest flops of 2024