
രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. 2021 ല്‍ തിയേറ്ററുകളിലെത്തിയ സിനിമയിൽ നടി ഖുശ്ബുവും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഖുശ്ബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയിൽ അഭിനയിച്ചതിൽ തനിക്ക് ഏറെ നിരാശയുണ്ടെന്നാണ് നടി പറഞ്ഞത്. തന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ആ കഥാപാത്രം സിനിമയിൽ വന്നത്. തനിക്കും മീനയ്ക്കും നായികമാരെപ്പോലെയുള്ള കഥാപാത്രങ്ങളാണെന്നാണ് പറഞ്ഞിരുന്നത്. വളരെ രസകരമായൊരു കഥാപാത്രമായിരിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ സിനിമ പുരോഗമിച്ചപ്പോൾ രജനീകാന്തിന് മറ്റൊരു നായികയുണ്ടായി. തന്റേത് കാരിക്കേച്ചര്‍ സ്വഭാവമുള്ള ഒരു കഥാപാത്രമായി മാറുകയുമായിരുന്നു. ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോൾ വളരെയധികം നിരാശ തോന്നി എന്നും ഖുശ്‌ബു പറഞ്ഞു.
എന്നാൽ ഈ മാറ്റങ്ങൾ രജനീകാന്തിന്റെ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം അങ്ങനെയുള്ള ആളല്ലെന്നും ഖുശ്ബു പറഞ്ഞു. തനിക്ക് അദ്ദേഹത്തെ ഏറെ വർഷങ്ങളായി അറിയാവുന്നതാണ്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ആരാധകരെ പ്രീതിപ്പെടുത്താനായി സംവിധായകനോ നിർമാതാവോ എടുത്ത തീരുമാനങ്ങളാകാം. സിനിമയിൽ തനിക്കും മീനയ്ക്കും രജനികാന്തിനൊപ്പം ഡ്യുവറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
Content Highlights: Khushbu Sundar regrets role in Rajinikanth's Annaatthe