എംടി സാർ കയ്യടിച്ചിട്ട് 'പൊന്നമ്മാ ​ഗുഡ്' എന്ന് പറഞ്ഞു, അതാണ് ആദ്യമായി കിട്ടിയ അം​ഗീകാരം; പൊന്നമ്മ ബാബു

'അന്നാണ് എംടി സാർ ചെറുതായിട്ട് ആണെങ്കിലും ഒന്ന് ചിരിച്ച് ഞാൻ കണ്ടത്'

dot image

എന്ന് സ്വന്തം ജാനകിക്കുട്ടിയിൽ അഭിനയിക്കുമ്പോൾ എംടി സാറിൽ നിന്നും കിട്ടിയ കയ്യടിയാണ് തന്റെ ജീവിതത്തിലെ ആദ്യത്തെ അം​ഗീകാരം എന്ന് നടി പൊന്നമ്മ ബാബു. അദ്ദേഹത്തെ ആദ്യമായി കുറച്ചെങ്കിലും ചിരിച്ച് കണ്ടത് അപ്പോഴാണെന്ന് പൊന്നമ്മ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എംടി സാർ മരിച്ച ദിവസം അദ്ദേഹം എന്നെ എന്ന് സ്വന്തം ജാനകിക്കുട്ടിയിലേക്ക് തിരഞ്ഞെടുത്ത കാര്യം ഞാൻ വീണ്ടും ഓർത്തു. ഞാൻ അന്ന് സിബി സാറിന്റെ കാരുണ്യം എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിലെ എന്റെ കഥാപാത്രം സീരിയസ്സായ ഒരു കഥാപാത്രം ആയിരുന്നു. ആ സമയത്താണ് എംടി സാറും ഹരിഹരൻ സാറും ചേർന്ന് പുതിയ സിനിമ തുടങ്ങിയത്. ആ സിനിമയിൽ അമ്മ വേഷം ചെയ്യാൻ ആളെ വേണം. കുറച്ച് ദേഷ്യവും അരിശവമുള്ള കഥാപാത്രമാണ് അത്. പ്രൊഡക്ഷൻ കൺട്രോളർ എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നു.

ഞാൻ അവിടെ ചെല്ലുമ്പോൾ കുറേ സ്ത്രീകൾ മേക്ക്അപ്പ് ഒക്കെ ഇട്ട് സാരിയെല്ലാം ഉടുത്ത് ഇരിക്കുകയാണ്. എന്നെ കണ്ടപ്പോഴേ എംടി സാറും ഹരിഹരൻ സാറും എന്നോട് ചോദിച്ചു നാടകത്തിൽ നിന്നാണോ എന്ന്. ഞാൻ അതേയെന്ന് പറഞ്ഞു. ഉടനെ മേക്ക്അപ്പ് മാനെ വിളിച്ച് എന്നെ മേക്ക് അപ്പ് ചെയ്യാൻ പറഞ്ഞു. മേക്ക്അപ്പ് ഇട്ട് എന്നെ ഒരുക്കി കൊണ്ടു വന്നപ്പോൾ അവർ ഇരുവരും എന്നെ നോക്കി. ഇപ്പോൾ ഏതാ പടം ചെയ്യുന്നേ എന്ന് ചോദിച്ചു. ഞാൻ ലോഹി സാറിന്റെ കാരുണ്യം എന്ന സിനിമ ചെയ്യുകയാണ് എന്നു പറഞ്ഞു. നമുക്ക് ഈ സിനിമയിലേക്ക് കുറച്ച് കൂടുതൽ ഡേറ്റ്സ് വേണം എന്ന് ഹരിഹരൻ സാർ പറഞ്ഞു. എന്നെ അവർ തിരഞ്ഞെടുക്കുമെന്ന് ഞാൻ വിചാരിച്ചത് പോലുമില്ല. ഞാൻ അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു. നീ സെലക്ടടാണ്, നമുക്ക് നാൽപത് ദിവസത്തെ ഷൂട്ട് ഉണ്ട്, വന്ന് ചെയ്തേക്കണം എന്ന് അദ്ദേ​ഹം പറഞ്ഞു.

എംടി സാർ അങ്ങനെ ചിരിക്കുന്ന ഒരാളല്ല. വളരെ കുറച്ച് മാത്രമേ സംസാരിക്കുകയുമുള്ളൂ. സാർ ഒന്ന് ചിരിച്ച് കാണാൻ വളരെ ബുദ്ധിമുട്ടാണ്. ജാനകിക്കുട്ടിയുടെ ഷൂട്ടിം​ഗ് സമയത്ത് സാർ സെറ്റിൽ വരുമ്പോൾ ഞാൻ സാറിന്റെ അടുത്ത് ചെന്ന് സംസാരിക്കുമ്പോഴും അദ്ദേഹം വളരെ കുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ. പൊട്ടിച്ചിരിക്കുന്നൊരാളല്ല അദ്ദേഹം. പക്ഷേ ജാനകിക്കുട്ടിയിൽ ജോമോളെ ഞാൻ അടിക്കുന്ന ഒരു സീൻ ഉണ്ട്. ആ സീൻ എടുക്കുന്ന ദിവസം എംടി സാർ അവിടെയുണ്ടായിരുന്നു.

ജോമോൾ എന്നോട് പറഞ്ഞു എന്നെ ശരിക്കും അടിക്കണം അല്ലെങ്കിൽ എനിക്ക് കരയാൻ പറ്റില്ല എന്ന്. ഞാൻ ആണെങ്കിൽ കഥാപാത്രമായി മാറിയത് കൊണ്ട് നന്നായി തന്നെ അടിച്ചു. സീൻ കഴി‍ഞ്ഞപ്പോൾ എനിക്ക് സങ്കടമായിപ്പോയി. ആ അടി കിട്ടിയത് കൊണ്ടാണ് ഞാൻ അഭിനയിച്ചത് എന്നാണ് ജോമോൾ പറഞ്ഞത്. എന്നാൽ ഞാൻ ആ സീൻ അഭിനയിച്ച് കഴിഞ്ഞപ്പോൾ എംടി സാർ കയ്യടിച്ചിട്ട് എന്നോട് പറഞ്ഞു പൊന്നമ്മാ ​ഗുഡ് എന്ന്. അതാണ് എനിക്ക് ആദ്യമായി കിട്ടിയ അം​ഗീകാരം. അതൊരു അവാർഡ് പോലെയായിരുന്നു എനിക്ക്. അന്നാണ് സാർ ചെറുതായിട്ട് ആണെങ്കിലും ഒന്ന് ചിരിച്ച് ഞാൻ കണ്ടത്,' പൊന്നമ്മ ബാബു പറഞ്ഞു.

പൊന്നമ്മ ബാബുവിന്റേതായി അടുത്തിറങ്ങിയ ചിത്രം റൈഫിൾ ക്ലബ് ആണ്. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൊന്നമ്മ അവതരിപ്പിച്ച കഥാപാത്രത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

Content Highlights:  Ponnama Babu about MT Vasudevan Nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us