അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ദി റൂൾ ലോകമെമ്പാടും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരു മാസത്തോട് അടുക്കുമ്പോൾ ചിത്രം 1800 കോടി പിന്നിട്ടിരിക്കുകയാണ്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. സാക്നിക്കിന്‍റെ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച മാത്രം 5.1 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.
ഇതിൽ 3.75 കോടി ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നാണ്. തെലുങ്കിൽ നിന്ന് 1.18 കോടി രൂപയും തമിഴിൽ നിന്ന് 15 ലക്ഷം രൂപയും കന്നഡ, മലയാളം എന്നിവിടങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവുമാണ് ചിത്രത്തിന്റെ കളക്ഷൻ. നേരത്തെ രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. ഇപ്പോഴിതാ 'ബാഹുബലി 2' വിന്റെ കളക്ഷനും വെട്ടിച്ചിരിക്കുകയാണ് പുഷ്പരാജ്. 1790 കോടി രൂപയായിരുന്നു ബാഹുബലി 2 വിന്റെ കളക്ഷൻ.
ഇനി പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ബോക്സ് ഓഫീസിൽ പുഷ്പയുടെ തേരോട്ടം ഇതുപോലെ തുടരുകയാണെങ്കിൽ ആ റെക്കോർഡും പുഷ്പ മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Pushpa 2 surpasses Baahubali by collecting 1800 crores