2024 ൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി. ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുബാഷ് എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി.
ചിദംബരവും താനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ താനുമായി സംസാരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിലേക്കും തന്നെ ആദ്യം പരിഗണിച്ചിരുന്നു. പിന്നെ പല ചർച്ചകൾക്കും ശേഷം മാറുകയായിരുന്നു എന്ന് ആസിഫ് അലി പറഞ്ഞു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ചിദുവിന്റെ (ചിദംബരം) ആദ്യ സിനിമ മുതൽ ഞങ്ങൾ സംസാരിക്കുന്നതാണ്. മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു. പിന്നെ പല ചർച്ചകൾക്കും ശേഷം, അത് ആ സിനിമയ്ക്ക് ഒരു ബാധ്യതയാകാൻ സാധ്യതയുണ്ട് എന്നതിനാൽ ആ കഥാപാത്രം മാറുകയായിരുന്നു. ചിദുവുമായി ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ചിദുവും ഗണുവും (ഗണപതി) എന്റെ അടുത്ത സുഹൃത്തുക്കളാണ്,' എന്ന് ആസിഫ് അലി പറഞ്ഞു.
അതേസമയം ചിദംബരത്തിന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും മാവെറിക്‌സും ചേർന്നാണ് നിർമിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആവേശത്തിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും കിടിലൻ ട്രാക്കുകളിലൂടെ 2024നെ തന്റേതാക്കി മാറ്റിയ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ. ആർട്ട് ഡയറക്ടർ അജയൻ ചാലിശേരിയാണ്. ഇരുവരും മഞ്ഞുമ്മല്‍ ബോയ്സിന്‍റെ അണിയറ പ്രവര്‍ത്തകർ കൂടിയായിരുന്നു.
Content Highlights: Asif Ali says that he was the one to do Srinath Bhasi in Manjummal Boys