ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്നും അതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും നടൻ മോഹൻലാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ച് കൂടുതൽ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ലാലേട്ടൻ പറഞ്ഞത് പോലെ താൻ മൂന്നാം ഭാഗത്തിനായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അതെന്ന് നടക്കുമെന്ന് തനിക്കറിയില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. 'ഷൂട്ടൊന്നും തരുമാനം ആയിട്ടില്ല. അതിന് എഴുതി കഴിഞ്ഞില്ലല്ലോ. ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതാണ് യാഥാർത്ഥ്യം. നല്ല രീതിയിൽ ഒരു സംഭവം കിട്ടിക്കഴിഞ്ഞാൽ ഞാനത് ചെയ്യും. മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ദൃശ്യം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതല്ല. എല്ലാവരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ്. രണ്ടാം ഭാഗത്തെക്കാൾ കൂടുതൽ എഫർട്ട് ഇത്തവണ ഞാൻ ഇടുന്നുണ്ട്', ജീത്തു ജോസഫ് പറഞ്ഞു.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Content Highlights: Jeethu Joseph reacts to Drishyam 3 news