ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന സിനിമയെ തേടി ഇപ്പോഴിതാ മറ്റൊരു അംഗീകാരം എത്തിയിരിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നിർമാതാക്കളായ ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഹിന്ദി, തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളിൽ നിന്ന് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് കളക്ഷൻ വർധിക്കാൻ കാരണമായിട്ടുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വന്നാൽ ബോളിവുഡിലെ വമ്പൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത്. 34 ഷോകളിൽ ആരംഭിച്ച സിനിമ രണ്ടാഴ്ച കൊണ്ട് 1327 സ്‌ക്രീനുകളിലായി 3000 ൽ അധികം ഷോകളിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഇത് മലയാള സിനിമയെ സംബന്ധിച്ച് ഒരു റെക്കോർഡ് തന്നെയാണ്. തുടക്കത്തിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി 34 ഷോകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഒഡീഷ, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ ഷോകൾ ചേർത്തിരിക്കുകയാണ്. ഷോകളുടെയും സ്‌ക്രീനുകളുടെയും വർദ്ധനവ് ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ രീതിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനകം 4.65 കോടി കളക്ട് ചെയ്തിട്ടുണ്ട്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Marco crossed 100 crore club