കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ സ്റ്റൈലിഷ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറിൽ പുറം തിരിഞ്ഞ് നിൽക്കുന്ന യഷിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒപ്പം സിനിമയുടെ ഒരു വലിയ അപ്ഡേറ്റ് യഷിന്റെ പിറന്നാൾ ദിനമായ ജനുവരി എട്ടിന് പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. യഷും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'അവനെ തുറന്നു വിടുന്നു…' എന്ന കുറിപ്പോടെയാണ് നടൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ടോക്സിക് ഉപേക്ഷിച്ചെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാൽ അത് തെറ്റായ വാർത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടക്കുകയാണെന്നും പിന്നീട് വാർത്തകൾ വന്നു. പിന്നാലെ ഹോളിവുഡിലെ പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെ ജെ പെറി ജോയിൻ ചെയ്തതും വാർത്തകളിൽ ഇടം നേടിയിരുന്നു. ജോൺ വിക്ക്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ ജെ പെറി.
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Yash movie Toxic new poster out