ബറോസിനെ വിമര്‍ശിക്കുന്നത് ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവര്‍: മോഹന്‍ലാല്‍

'ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോ​ഗിച്ച സാങ്കേതികവിദ്യയുമായോ ബറോസ് താരതമ്യം ചെയ്യണമെന്ന് അവകാശപ്പെട്ടിട്ടില്ല'

dot image

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് സിനിമയെ വിമർശിക്കുന്നതെന്ന് പറയുകയാണ് മോഹൻലാൽ. വിമർശനങ്ങളെ സ്വീകരിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാൽ വിമർശിക്കുമ്പോൾ അതിനെക്കുറിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും മോഹൻലാൽ പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ചിത്രത്തെ മുന്നോട്ടുകൊണ്ട് പോകേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്വമാണ്. നാല് പതിറ്റാണ്ടിന് ശേഷം സമൂഹത്തിന് മടക്കിനൽകുന്ന ഒരു കാര്യമായാണ് ബറോസിനെ കണ്ടത്. കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു. എന്നാൽ, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകൾ ചിത്രത്തെ വിമർശിച്ച് രം​ഗത്തുവരുന്നു.

വിമർശനങ്ങളെ സ്വീകരിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു കാര്യത്തെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോ​ഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയുമായോ ബറോസ് താരതമ്യം ചെയ്യണമെന്ന് എവിടേയും അവകാശപ്പെട്ടിട്ടില്ല. എന്നിൽ നിന്നും അസാധാരണമായ കഴിവുള്ള എന്റെ ടീമിൽ നിന്നും വ്യത്യസ്തമായ ഒരു പരീക്ഷണം മാത്രമാണിത്', മോഹൻലാൽ പറഞ്ഞു.

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Mohanlal reacts to the criticism of Barroz film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us