ടോക്സിക് എന്ന സിനിമയുടെ ടീസർ റിലീസായതിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുകയാണ്. ഇതിനിടെ ചിത്രത്തിലെ നായകൻ യഷിന് പിറന്നാൾ ആശംസകൾ നേർന്ന് ഗീതു പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. മുന്നോട്ടുള്ള യാത്രയുടെ ആവേശത്തിനപ്പുറം മറ്റൊന്നും അദ്ദേഹത്തിന് ഉറപ്പുള്ള കാര്യമല്ല. സിനിമയോട് അചഞ്ചലമായ അഭിനിവേശമുള്ള നടനാണ് യഷ് എന്ന് ഗീതു പറയുന്നു.
ടോക്സിക് എന്ന ചിത്രം സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തുകയും നമ്മുടെ ഉള്ളിലെ സംഘർഷങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യും. യാഷിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ചിത്രത്തിന്റെ ചെറിയ ഒരു ഭാഗം ഇന്ന് പുറത്തുവിട്ടിരുന്നു. മറ്റുള്ളവർ സാധാരണമായി കാണുന്ന കാര്യങ്ങളെ അസാധാരണമായി നോക്കിക്കാണുന്ന ഒരാളോടൊപ്പം ഈ സിനിമയുടെ ലോകം എഴുതാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്.
രണ്ട് വ്യത്യസ്ത ചിന്താശ്രേണികൾ തമ്മിലുള്ള കുട്ടിമുട്ടലിൽ അതിന്റെ ഫലം വിട്ടുവീഴ്ചയോ സംഘർഷങ്ങളോ അല്ല. മറിച്ച്, ഭാഷയുടേയും സംസ്കാരത്തിന്റേയും അതിർവരമ്പുകൾക്കപ്പുറം കലാപരമായി കൊമേഴ്സ്യൽ കഥ പറയുന്നതിലെ കൃത്യതയ്ക്കാവശ്യമായ പരിവർത്തനമാണ്. വെറും കാഴ്ചയ്ക്കപ്പുറത്തേക്ക് അനുഭവിക്കാനാകുന്ന സിനിമാ അനുഭവം പ്രേക്ഷകർക്ക് നൽകാനാകുമെന്ന പ്രതീക്ഷയും ഗീതുവിന്റെ കുറിപ്പിൽ പറയുന്നു.
സിനിമയുടെ ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജി പണിക്കർ രംഗത്തെത്തിയിരുന്നു. തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിൻ പറയുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് നിതിൻ രണ്‍ജി പണിക്കരുടെ പ്രതികരണം.
അതേസമയം ടോക്‌സിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്ത് നാല് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് ദശലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Geethu Mohan Das wishes Yash on his birthday as the controversies heat up