പാൻ ഇന്ത്യൻ ലെവലിൽ വലിയ വിജയം നേടി കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം മാർക്കോ. മലയാളത്തിലെ ദി മോസ്റ്റ് വയലന്റ് മൂവി എന്ന ബ്രാൻഡിലെത്തിയ സിനിമ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ ഉണ്ണി മുകുന്ദൻ 50 ൽ അധികം പേരുമായി നടത്തുന്ന ഫൈറ്റ് സീൻ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിന് 36 മണിക്കൂറിലധികം സമയമെടുത്തു എന്ന് പറയുകയാണ് കലാസംവിധായകൻ സുനിൽ ദാസ്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രാരംഭ ഘട്ടം മുതൽ ഉണ്ണി മുകുന്ദൻ സിനിമയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. മറ്റു പല സിനിമകളും മാറ്റിവെച്ചാണ് അദ്ദേഹം മാർക്കോ ചെയ്തത്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ സിനിമയ്ക്കായി ഉണ്ണി അധികം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. ഉണ്ണി മുകുന്ദന്റെ ഡെഡിക്കേഷനാണ് ഈ സിനിമയുടെ വിജയത്തിന്റെ കാരണമെന്ന് സുനിൽ ദാസ് അഭിപ്രായപ്പെട്ടു.
'ഉണ്ണി മുകുന്ദൻ ഈ സിനിമയുടെ തുടക്കം മുതൽ ഇന്‍വോൾവ്ഡായിരുന്നു. മറ്റു സിനിമകളെല്ലാം മാറ്റിവെച്ചാണ് അദ്ദേഹം മാർക്കോയ്‌ക്കൊപ്പം നിന്നത്. ഈ സിനിമയിൽ ഏറെയും ഫൈറ്റ് രംഗങ്ങളാണുള്ളത്. അത് അദ്ദേഹത്തിന് ഏറെ താല്പര്യമുള്ള കാര്യവുമാണ്. വലിയ സ്പിരിറ്റിലാണ് അദ്ദേഹം ഈ സിനിമയിലെ ഫൈറ്റ് സീനുകൾ ചെയ്തിട്ടുള്ളത്. ഇതിൽ അദ്ദേഹം അങ്ങനെ ഡ്യൂപ്പ് ഒന്നും ഉപയോഗിച്ചിട്ടില്ല. കലൈ മാസ്റ്റർ (കലൈ കിങ്സ്റ്റൺ) അതിന് തയ്യാറാവുകയുമില്ല. ഡ്യൂപ്പ് ഇല്ലാതെ ഫൈറ്റ് ചെയ്യാൻ തയ്യാറുമാണ്. ഒന്ന് ചാടാൻ പറഞ്ഞാൽ ഉണ്ണി രണ്ട് തവണ ചാടാൻ തയ്യാറാണ്,'
'ക്ലൈമാക്സ് രംഗത്തിൽ സിക്സ് പാക്കൊക്കെ ആയിട്ടാണ് ഉണ്ണിയെ കാണിക്കുന്നത്. ഞങ്ങൾ ഏറ്റവും അധികം സമയം തുടർച്ചയായി ഷൂട്ട് ചെയ്ത രംഗമാണ് ആ ക്ലൈമാക്സ് ഫൈറ്റ്. തുടർച്ചയായി 36 മണിക്കൂറാണ് ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്തത്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻ സിങ്ങിന് പോകേണ്ട ആവശ്യമുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ആ രംഗം എന്ന് പറഞ്ഞാൽ 50 പേർക്കൊപ്പമുള്ള വലിയ ഫൈറ്റ് സീനാണല്ലോ. ഇതിന്റെ ബ്രേക്കിൽ ഉണ്ണി പോയി വർക്ക് ഔട്ട് ചെയ്യണം. എങ്കിൽ മാത്രമേ ആ സിക്സ് പാക്കൊക്കെ വ്യക്തമാവുകയുള്ളൂ. അങ്ങനെ ഏറെ ഡെഡിക്കേഷനോടെയാണ് ഉണ്ണി മുകുന്ദൻ ഈ സിനിമ ചെയ്തത്. അത് തന്നെയാണ് ഈ സിനിമയുടെ വിജയത്തിന്റെ കാരണവും,' എന്ന് സുനിൽ ദാസ് പറഞ്ഞു.
Content Highlights: Marco Art Director says that the climax fight was shot for 36 hours straight