ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ 1831 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതിനിടെ ഇന്ത്യയിൽ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തമാക്കി. ചിത്രം ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ എക്സ്റ്റന്‍ഡഡ് പതിപ്പ് തിയേറ്ററിൽ എത്തിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ, പുതിയ പതിപ്പിന്‍റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് നിർമാതാക്കൾ.
ജനുവരി 11 നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത് ഇത് 17 ാം തിയതിയിലേക്ക് മാറ്റി തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് റിലീസ് മാറ്റിയിരിക്കുന്നത്. ആദ്യ പതിപ്പില്‍ നിന്നും 20 മിനിറ്റ് അധിക ഫൂട്ടേജുമായാണ് റീലോഡഡ് വെര്‍ഷന്‍ എത്തുക. ഇതോടെ സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിട്ടാകും. ഇത്തരത്തിൽ അഡീഷണൽ ഫൂട്ടേജ് സിനിമയിൽ കൂട്ടിച്ചേർക്കുന്നതോടെ അത് സിനിമയുടെ കളക്ഷനെ ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. നേരത്തെ സിനിമയുടെ ഒടിടി റിലീസ് സമയത്ത് ചിത്രത്തിൽ നിന്നുള്ള ഡിലീറ്റഡ് സീനുകൾ കൂട്ടിച്ചേർക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
തെലുങ്ക് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട റിലീസ് സീസണുകളില്‍ ഒന്നാണ് സംക്രാന്തി. 10-ാം തീയതി മുതല്‍ സിനിമകള്ർ ഇത്തവണത്തെ സംക്രാന്തി റിലീസുകളില്‍ എത്തുന്നുണ്ട്. ഏറ്റവും പ്രധാന ചിത്രം രാം ചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചര്‍' ആണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 10 ന് എത്തും. ഗെയിം ചേഞ്ചര്‍ ചിത്രവുമായി ഒരു ക്ലാഷ് വേണ്ടെന്ന് വെച്ചാണ് പുഷയുടെ എക്സ്റ്റൻഡഡ് വെര്‍ഷൻ റീലീസ് മാറ്റിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Content Highlights: Pushpa 2 Extended Edition will not be a Sankranti release, the makers have announced