പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായി കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തോളം മലയാളികളുടെ കൂടെ പി ജയചന്ദ്രന്റെ ശബ്ദമുണ്ടായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. ആവര്‍ത്തനവിരസതയേകാത്ത, ഓരോ തവണ കേള്‍ക്കുമ്പോഴും പുതുമയേകുന്ന ഗാനങ്ങളാണ് ജയചന്ദ്രന്റെ സ്വരസമ്പന്നതയിലൂടെ നമ്മെ തേടിയെത്തിയിട്ടുള്ളത്. ഗായകൻ എന്നതിലുപരി അദ്ദേഹം നല്ലൊരു നടൻ കൂടിയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ പ്രകടനങ്ങൾ ഇന്നും മലയാളിയുടെ മനസിലുണ്ട്.
നഖക്ഷതങ്ങളിലെ അലസനായ തിരുമേനിയും ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ അച്ഛനുമായ കഥാപാത്രങ്ങൾ ജയചന്ദ്രനിലെ അഭിനയപ്രതിഭയെ പുറത്തെത്തിച്ച ചിത്രങ്ങളാണ്. ഹരിഹരൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നഖക്ഷതങ്ങൾ. ഇതിലെ ജയചന്ദ്രൻ അവതരിപ്പിച്ച തിരുമേനി എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ നിന്ന് മായുന്നതല്ല. അലസനും സഹൃദയനുമായ നമ്പൂതിരി നഖക്ഷതങ്ങളിൽ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക കഥാപാത്രമാണ്. നർമ്മം നിറഞ്ഞ സംഭാഷണങ്ങളും കുസൃതി ഭാവങ്ങളുമൊക്കെയായി ജയചന്ദ്രൻ അവതരിപ്പിച്ച തിരുമേനി ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രത്തിൽ.
1983 ൽ പുറത്തിറങ്ങിയ കെ ജി ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കിൽ ഗായകൻ പി ജയചന്ദ്രനായി തന്നെയാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അനൂപ് മേനോൻ തിരക്കഥയെഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ അച്ഛനായ നാരായണൻ നായരായാണ് ജയചന്ദ്രൻ എത്തിയത്. 1979ൽ റിലീസ് ചെയ്ത കൃഷ്ണപ്പരുന്ത് എന്ന ചിത്രത്തിൽ ജയചന്ദ്രനൊപ്പം വേഷമിട്ടത് ശ്രീവിദ്യയും അംബികയും കെ പി ഉമ്മറും മധുവുമൊക്കെയാണ്. ഈ സിനിമയിൽ ശ്യാം സംഗീതസംവിധാനം നിർവഹിച്ച അഞ്ജനശിലയിലെ, തൃശ്ശിവപേരൂരെ എന്നീ ഗാനങ്ങൾ ആലപിച്ചതും ജയചന്ദ്രനായിരുന്നു. യേശുദാസിനൊപ്പം ജന്മനന്മയ്ക്കായി എന്ന ഗാനവും ഈ ചിത്രത്തിൽ ജയചന്ദ്രൻ പാടിയിട്ടുണ്ട്.
Content Highlights: Films starring singer P Jayachandran