ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് 'വാർ 2'. 'വാർ', 'പത്താൻ', 'ടൈഗർ 3' എന്നീ സിനിമകൾക്ക് ശേഷം സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ഹൃത്വിക് ആരാധകർ വലിയ പ്രതീക്ഷ നൽകിയിരിക്കുന്ന സിനിമയുടെ റിലീസ് സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വാർ 2 ഓഗസ്റ്റ് 15 നായിരിക്കും റിലീസ് ചെയ്യുക എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനും ഓഗസ്റ്റിൽ റിലീസ് ചെയ്യാനുമാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്.
അതേദിവസം തന്നെയാണ് രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയും തിയേറ്ററുകളിലെത്തുക എന്ന പുതിയ റിപ്പോർട്ടുകളുമുണ്ട്. സിനിമയുടെ 70 ശതമാനത്തോളം ചിത്രീകരണവും പൂർത്തിയായതായും ബാക്കി ചിത്രീകരണം ഈ മാസം പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ട്. ഈ ഇരുസിനിമകളും ഒരേ ദിവസം റിലീസിനെത്തുമ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ഒരു വലിയ ബോക്സ് ഓഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം.
യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം ജൂനിയർ എൻടിആറാണ്. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കൂലിയിലേക്ക് വന്നാൽ സത്യരാജ്, നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: War 2 and Coolie to release the same date