ആസിഫ് അലി നായകനായ രേഖാചിത്രം എന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ കരിയറിലെ മറ്റൊരു സൂപ്പർഹിറ്റാകും ചിത്രം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ സിനിമയിലെ ഒരു സഹ അഭിനേതാവിന്റ രംഗം കട്ട് ചെയ്ത് പോയതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം ആസിഫ് പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്.
സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ആസിഫ് അനുഭവം പങ്കുവെച്ചത്. രേഖാചിത്രത്തിന്റെ ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സുലേഖ എന്ന വ്യക്തി കരയുന്നത് കണ്ട് താൻ അടുത്ത് ചെന്നു. സിനിമ കണ്ടതിലുള്ള ഫീൽ ആണെന്നാണ് കരുതിയത്. എന്നാൽ ആ വ്യക്തി അഭിനയിച്ച ഭാഗങ്ങൾ എഡിറ്റിങ്ങിൽ പോയിരുന്നു എന്ന് ആസിഫ് പറഞ്ഞു. വരും ദിവസങ്ങളിൽ സുലേഖയുടെ ഡിലീറ്റഡ് രംഗങ്ങൾ റിലീസ് ചെയ്യുമെന്ന് ആസിഫ് അറിയിക്കുകയും ചെയ്തു.
ആസിഫ് സുലേഖയെ കണ്ട് ക്ഷമ ചോദിക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. രംഗം ഡിലീറ്റ് ചെയ്തുപോയതിൽ വിഷമിക്കരുതെന്നും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാം എന്നും സുലേഖയ്ക്ക് ആസിഫ് ഉറപ്പ് നൽകുകയും ചെയ്തു. 'സോറി, പറ്റിപ്പോയി… നമ്മൾ ഒരുമിച്ച് അഭിനയിച്ച സീനിൽ ചേച്ചി എന്ത് രസമായാണ് ചെയ്തിരിക്കുന്നത്. ചില സിനിമകളിൽ നമുക്ക് ലെങ്ത് പ്രശ്നം വരുമല്ലോ. നമുക്ക് എല്ലാവർക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. ഇനി അങ്ങനെ ചെയ്യരുത്. ചേച്ചിയുടെ നല്ല രസമുള്ള ഹ്യൂമർ സീനായിരുന്നു,' എന്ന് ആസിഫ് പറഞ്ഞു.
അതേസമയം രേഖാചിത്രം ആദ്യദിനത്തിൽ രണ്ട് കോടിയിലധികം രൂപ നേടിയതായാണ് ഇൻഡസ്ട്രി ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിക്കുന്നുണ്ട്. രണ്ടാം ദിനമായ ഇന്ന് ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ നേടാന്‍ രേഖാചിത്രത്തിനു സാധിക്കുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം.
Content Highlights: Asif Ali video related to Rekhachithram junior artist gone viral