രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം പിന്നിടുമ്പോൾ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ ആദ്യ കണക്കുകള്‍ അനുസരിച്ച് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 42 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏഴ് കോടിയോളം നേടിയപ്പോൾ തമിഴ് പതിപ്പ് 2.1 കോടിയും കന്നഡയും മലയാളവും യഥാക്രമം ഒരു ലക്ഷവും 50 ലക്ഷവും നേടി.
ഷങ്കറിന്റെ മുൻ ചിത്രമായ ഇന്ത്യൻ 2 വിനേക്കാൾ ഗെയിം ചേഞ്ചർ മികച്ചു നിൽക്കുന്നുവെങ്കിലും സംവിധായകന്റെ സ്ഥിരം സിനിമകളെ പോലെ ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പലരും സിനിമയെക്കുറിച്ച് പറയുന്നത്. സിനിമയിലെ ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ഭേദപ്പെട്ടതാണെന്നും എന്നാൽ ഷങ്കറിന്റെ തന്നെ മുൻ സിനിമകളെ ഓർമിപ്പിക്കും വിധം പ്രെഡിക്റ്റബിൾ ആണ് സിനിമയെന്നും അഭിപ്രായങ്ങളുണ്ട്.
മോശം പ്രതികരണങ്ങൾക്കിടയിലും രാം ചരണിന്റെയും പ്രകടനത്തിനും തമന്റെ സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കിലെ രാംചരണിന്റെ പ്രകടനം മികച്ചുനിന്നുവെന്നും ചിത്രം കഥാപരമായി പിന്നോക്കം പോകുമ്പോഴും രാംചരണിന്റെ പ്രകടനമാണ് സിനിമയെ പിടിച്ചുനിർത്തുന്നതെന്നും റിവ്യൂസിൽ പറയുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിയാര അദ്വാനി, എസ് ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങൾ ഷൂട്ട് ചെയ്യാനായി ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ചിത്രത്തിലെ നാനാ ഹൈറാനാ എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.6 കോടിയാണ് ഈ ഗാനത്തിനായി മാത്രം ഷങ്കർ ചെലവാക്കിയത്.
Content HIghlights: Ram Charan and Shankar movie Game Changr first day collection