ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ പ്രശംസകള്‍ നേടിയെങ്കിലും സാമ്പത്തികമായി നിരാശയാണ് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്.
Given that #VidaaMuyarchi is nearly guaranteed a January 23 release date, #VeeraDheeraSooran is aiming for a March 28 release. pic.twitter.com/g99O3IwjfJ
— AB George (@AbGeorge_) January 11, 2025
അജിത് സിനിമയായ വിടാമുയർച്ചി ജനുവരി 23 ന് റിലീസ് ചെയ്യാൻ നിർമാതാക്കൾ പദ്ധതിയിടുന്നുണ്ട്. അജിത് സിനിമയുമായി ക്ലാഷ് ഒഴിവാക്കാൻ വീര ധീര സൂരൻ റിലീസ് മാറ്റിവെച്ചെന്നുള്ള വാർത്തകൾ ആണ് പുറത്തുവരുന്നത്. മാർച്ച് 28 ന് വിക്രം സിനിമ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മോഹൻലാൽ ചിത്രമായ എമ്പുരാൻ, സൽമാൻ ഖാന്റെ സിക്കന്ദർ എന്നീ സിനിമകളെയാകും വീര ധീര സൂരന് ബോക്സ് ഓഫീസിൽ നേരിടേണ്ടി വരിക. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ. ചിയാനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും കിടിലൻ പെർഫോമൻസുകൾ ടീസർ ഉറപ്പ് നൽകുന്നുണ്ട്.
Looks like Vikram’s #VeeraDheeraSooran is postponed due to Lyca bringing #VidaaMuyarchi end of this month. pic.twitter.com/PSckfyGTzE
— LetsCinema (@letscinema) January 11, 2025
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി കാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Vikram film veera dheera sooran postponed due to vidamuyarchi