രഞ്ജിത്ത് സജീവിനെ നായകനാക്കി സാജിദ് യഹ്യ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഖൽബ്. കഴിഞ്ഞ വർഷം ജനുവരിയിൽ തിയേറ്ററുകളിൽ എത്തിയ ഖൽബിന് വലിയ വിജയം നേടാൻ കഴിഞ്ഞില്ല. എന്നാൽ ഒടിടി സ്ട്രീമിങ്ങിന് പിന്നാലെ സിനിമയ്ക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ ഖൽബ് സിനിമയെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സാജിദ് യഹ്യ.
'ഖൽബ് റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷമായി.. ചെയ്ത പണിയെല്ലാം വെറുതെ ആയിപ്പോയി എന്ന ഒരു തോന്നലിൽ ആരംഭിച്ചു. അതിഗംഭീരമായ ഒരു സർപ്രൈസ് ക്ലൈമാക്സ് ഒടിടിയിലൂടെ തന്ന് മനസ്സിനെ തണുപ്പിച്ചതിന് നന്ദി! മനസ്സുകൊണ്ടും, ശരീരം കൊണ്ടും പണം കൊണ്ടും, സ്നേഹം കൊണ്ടും ചിരികൊണ്ടും, കുഞ്ഞി മെസ്സേജുകൾ കൊണ്ടും, റീലുകൾ കൊണ്ടും, പാട്ടുകൾ കൊണ്ടും, കുറ്റങ്ങൾ കൊണ്ടും ,സ്റ്റിക്കറുകൾ കൊണ്ടും, ഷെയറുകൾ കൊണ്ടും ഞാൻ ഒറ്റയ്ക്കല്ല എന്ന് തോന്നിപ്പിച്ചതിന് മനസ്സു നിറച്ചു നന്ദി! ഈ സിനിമയ്ക്ക് കാരണക്കാരായ ഓരോത്തരെയും സ്നേഹത്തോടെ ഓർക്കുന്നു, എല്ലാവർക്കും നല്ല ഭാവി നേരുന്നു,' എന്ന് സാജിദ് യഹ്യ കുറിച്ചു.
പ്രമുഖ ഒടടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നേഹ നസ്നീൻ ആണ് ചിത്രത്തിലെ നായിക. ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന 'ഖൽബി'ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍മാരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസിം ഹാസിം, അബു സലിം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്തത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്.
Content Highlights: Sajid Yahiya posts about Qalb movie