'സിനിമയിൽ വരുന്നതിനു മുമ്പേ ഉള്ള ബന്ധമാണ്, രാഷ്ട്രീയത്തിലുപരി ഷാഫി പറമ്പിൽ ചേട്ടനെ പോലെ'; ജോഫിൻ ടി ചാക്കോ

'എന്റെ ബൈക്കിന് പിറകിൽ അദ്ദേഹം ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. കുടുംബപരമായും ബന്ധമുള്ളവരാണ്.'

dot image

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. തിയേറ്ററുകളിലെത്തി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ കോൺഗ്രസ് എം പി ഷാഫി പറമ്പിൽ അടക്കമുള്ളവർ ആശംസകൾ അറിയിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ഷാഫിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ ബന്ധത്തിലുപരി തനിക്ക് ഷാഫി ഒരു ചേട്ടനായിരുന്നുവെന്നും പറയുകയാണ് ജോഫിൻ ടി ചാക്കോ. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഷാഫിക്കയും ഞാനും തമ്മിൽ രാഷ്ട്രീയ ബന്ധമൊന്നും അല്ല. ഷാഫി പറമ്പിൽ എന്ന ആള് നിങ്ങൾ കാണുന്നതിന് മുൻപ്, അതായത് എം പിയും എം എൽ എയുമാകുന്നതിന് മുൻപ് ജില്ലാ പ്രസിഡന്റ് ആകുമ്പോൾ തന്നെ വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്ന ആളാണ്. എന്റെ ബൈക്കിന് പിറകിൽ അദ്ദേഹം ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. കുടുംബപരമായും ബന്ധമുള്ളവരാണ്. രാഷ്ട്രീയ ബന്ധത്തിലുപരി എനിക്ക് ഒരു ചേട്ടൻ എന്ന ഫീലാണ്. എന്റെ കൺമുന്നിൽ കൂടെയായിരുന്നു അദ്ദേഹത്തിന്റെ വളർച്ച.

എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ആളാണ്. അത് പറയാൻ മടിയുമില്ല. ഷാഫി മാത്രമല്ല രാഹുലുമായും ഒരുപാട് യുവനേതാക്കളുമായും ബന്ധമുണ്ട്. ഞാൻ പഠിക്കുമ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു സിനിമയും രാഷ്ട്രീയവും. സ്കൂളിൽ പഠിക്കുമ്പോൾ ഇലക്ഷന് നിന്നിട്ടുണ്ട്. അച്ഛൻ സജീവ രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു. പ്രവർത്തിക്കുന്നതിലുപരി രാഷ്ട്രീയ ആശയം പിന്തുടരുന്ന ആളാണ് ഞാൻ,' ജോഫിൻ ടി ചാക്കോ പറഞ്ഞു.

സിനിമയിൽ രാഷ്ട്രീയം കുത്തിക്കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രോപഗാണ്ട സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ആളല്ല താനെന്നും ജോഫിൻ കൂട്ടിച്ചേർത്തു.

അതേസമയം, മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ജോണർ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlights: Shafi is more like an older brother than in political relations said Joffin T Chacko

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us