തലശ്ശേരി : ആഗ്രഹിച്ചത് പുതുവര്‍ഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകന്‍ അഭിനന്ദ് ശ്രവണ വൈകല്യം മൂലം കടുത്ത ബുദ്ധിമുട്ടിലായിരുന്നു. പഠിക്കാന്‍ പോലും ആകാതെ ജീവിതം വഴിമുട്ടിയ അവസ്ഥയില്‍. അഭിനന്ദിന്റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയുന്നത്. ഇക്കാര്യം ഉടന്‍ തന്നെ സുഹൃത്തും ബെന്‍സി പ്രൊഡക്ഷന്‍സ് ഉടമയുമായ കെ വി അബ്ദുല്‍ നാസറിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ഒരിക്കല്‍ യാത്രാമധ്യേ പൊന്നാനിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നേരിട്ട് തന്നെ ചെന്നിത്തല കുട്ടിയുടെ അവസ്ഥ വിവരിച്ചു. ഇത് കേട്ട ഉടന്‍ തന്നെ കെ വി അബ്ദുല്‍ നാസര്‍ അഭിനന്ദിനെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കി. മാനുഷിക ഇടപെടല്‍ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം വാഗ്ദാനം നടപ്പാക്കാന്‍ ഒട്ടും വൈകിച്ചില്ല. ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രം 'ബെസ്റ്റി'യുടെ പ്രചാരണ പരിപാടിക്കിടെ, അഭിനന്ദിന് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കൈമാറി.
ബെന്‍സി പ്രൊഡക്ഷന്‍സിന് വേണ്ടി നിര്‍മ്മല ഉണ്ണികൃഷ്ണനാണ് ധാരണാപത്രം കുടുംബത്തിന് സമ്മാനിച്ചത്. ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. നാരായണന്‍ ചടങ്ങില്‍ പങ്കെടുത്തു. തലശ്ശേരിയില്‍ നടന്ന പരിപാടിയില്‍ അഭിനന്ദ് കുടുംബത്തോടൊപ്പമാണ് എത്തിയത്. രമേശ് ചെന്നിത്തലയ്ക്കും കെ വി അബ്ദുല്‍ നാസറിനും അഭിനന്ദിന്റെ കുടുംബം നന്ദി അറിയിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പേരാണ് തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെത്തിയത്.
Content Highlights: Besty movie team helps a boy with hearing issues