തമിഴിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായ വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു. വിടുതലൈ ഫ്രാഞ്ചൈസി നിർമിച്ച ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമിക്കുന്നത്. നിർമാണ കമ്പനി തന്നെയാണ് ധനുഷ്-വെട്രിമാരൻ ടീമിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
'വെട്രിമാരന്റെ ഏഴാം സംവിധാന സംരംഭമായ വിടുതലൈ 2 ന്റെ വിജയത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ഒമ്പതാമത് ചിത്രത്തിനായി വെട്രിമാരനൊപ്പം ഒരിക്കൽ കൂടി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ധനുഷായിരിക്കും ഈ ചിത്രത്തിലെ നായകൻ. അവിസ്മരണീയമായ മറ്റൊരു സിനിമാനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ബ്ലോക്ക്ബസ്റ്ററുകളുടെ ഒരു പരമ്പരയ്ക്ക് പിന്നിലെ ഐക്കോണിക് ജോഡി വീണ്ടും ഒന്നിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടും,' എന്ന് നിർമാണ കമ്പനി അറിയിച്ചു.
ഇത് അഞ്ചാം തവണയാണ് ഇരുവരും ഒരു സിനിമയ്ക്കായി കൈ കൊടുക്കുന്നത്. വെട്രിമാരന്റെ ആദ്യ ചിത്രമായ പൊള്ളാതവനിൽ ധനുഷായിരുന്നു നായകൻ. പിന്നാലെ ഇരുവരും ഒന്നിച്ച ആടുകളം എന്ന സിനിമയിലൂടെയാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആദ്യ തവണ ലഭിച്ചത്. പിന്നീട് ഇരുവരും ഒന്നിച്ച വടാചെന്നൈ വലിയ ആരാധക വൃന്ദത്തെയുണ്ടാക്കിയ ചിത്രമാണ്. അവസാനമായി ധനുഷ്-വെട്രിമാരൻ ടീം ഒന്നിച്ച അസുരനിലൂടെയും നടന് ദേശീയ പുരസ്‌കാരം വീണ്ടും ലഭിച്ചിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ തന്നെ സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: Dhanush and Vetrimaran blockbuster duo to reunite again