തെങ്ങിന്‍റെ നെറുകം തലയ്ക്കിട്ടു കൊട്ടി കൊട്ടി എടുക്കുന്ന കള്ളിന്‍റെ മണവും ലഹരിയും നിറഞ്ഞ 'ചെത്ത് സോങ്ങ്' പുറത്തിറങ്ങി. മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി എത്തുന്ന 'പ്രാവിൻകൂട് ഷാപ്പി'ലെ ആദ്യ ഗാനമായാണ് 'ചെത്ത് സോങ്ങ്' എത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ 'പ്രേമലു'വിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയാണിത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ഇന്ന് കോട്ടയത്ത് വെച്ച് നടന്നു. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 16നാണ് തിയേറ്ററുകളിൽ എത്തുന്നത്.
കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ തരംഗമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് സൂചന. ഇപ്പോഴിതാ ഒരു കള്ള് ഷാപ്പ് വൈബിൽ എത്തിയിരിക്കുന്ന ഗാനം പ്രേക്ഷകരേവരും ഏറ്റെടുത്തിരിക്കുകയാണ്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കി സ്വതന്ത്ര സംവിധായകനായ വിഷ്ണു വിജയ് അമ്പിളി, നായാട്ട്, ഭീമന്‍റെ വഴി, പട, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആർഇ മാനേജർ: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.
Content Highlights: pravinkoodu shappu movie song out now