സ്വിഗ്ഗിയിൽ ഭക്ഷണം സപ്ലൈ ചെയ്യുന്ന ആളെന്ന പ്രചാരണം, ഏറെ പഴികേട്ട നിർമാതാവാണ് ഞാൻ: വേണു കുന്നപ്പിള്ളി

'എനിക്ക് ഭീകര സാമ്പത്തിക നഷ്ടം വന്നെന്നും, ഞാൻ പൊളിഞ്ഞ് കുത്തുപാളയെടുത്തെന്നും പറഞ്ഞ് ചില കോമരങ്ങൾ ആഘോഷമാക്കി'

dot image

മാമാങ്കം എന്ന ചിത്രത്തിലൂടെ നിർമാണ മേഖലയിലേക്ക് കടന്ന്, മാളികപ്പുറം, 2018

തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച വ്യക്തിയാണ് വേണു കുന്നപ്പിള്ളി. ഇപ്പോൾ ആസിഫ് അലിയെ നായകനാക്കി അദ്ദേഹം നിർമിച്ച രേഖാചിത്രം എന്ന സിനിമയും മികച്ച വിജയം നേടുകയാണ്. ഈ വേളയിൽ ആദ്യ നിർമാണ സംരംഭത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.

ആദ്യ സിനിമയുടെ പേരിൽ ഏറെ പഴികേട്ട നിർമാതാവാണ് താൻ. എത്രയോ ജനങ്ങൾ നെഞ്ചേറ്റിയ സിനിമയായിട്ടും ഫാൻസ് യുദ്ധത്തിന്റേയും മറ്റുപല വൈരാഗ്യങ്ങളുടേയും പേരിൽ റിലീസിന് മുന്നേ തന്നെ അതിന്റെ പതനമുറപ്പാക്കാൻ ഏറെയാളുകൾ നിലയുറപ്പിച്ചിരുന്നുവെന്നും വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു.

വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്റെ ചെറിയ നാളത്തെ സിനിമാ ജീവിതത്തിനിടയിൽ ഒട്ടും പ്രതീക്ഷിക്കാത്ത, അനുഭവങ്ങളാണ് കഴിഞ്ഞ നാല് ദിവസമായി നടന്നു കൊണ്ടിരിക്കുന്നത്. രേഖാചിത്രമെന്ന സിനിമയുടെ റിലീസിന് ശേഷം, ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും, പരിചയക്കാരും നേരിട്ടും, അല്ലാതേയും തന്നു കൊണ്ടിരിക്കുന്ന പ്രശംസാ, അഭിനന്ദന പ്രവാഹം ചെറുതൊന്നുമല്ല, അതു തുടർന്നുകൊണ്ടേയിരിക്കുന്നു. ആദ്യ സിനിമയിൽ ഏറെ പഴികേട്ട ഒരു പ്രൊഡ്യൂസറാണ് ഞാൻ. എത്രയോ ജനങ്ങൾ നെഞ്ചേറ്റിയ ഒരു സിനിമയായിരുന്നത്. എനിക്കും വളരെ പ്രിയപ്പെട്ടത്. എന്നാൽ ഫാൻസ് യുദ്ധത്തിന്റേയും, മറ്റുപല വൈരാഗ്യങ്ങളുടേയും പേരിൽ റിലീസിന് മുന്നേ തന്നെ ,ആ സിനിമയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച്, അതിന്‍റെ പതനമുറപ്പാക്കാൻ ഏറെയാളുകൾ നിലയുറപ്പിച്ചിരുന്നു.

സിനിമാ മേഖലയിലെ തന്നെ ചില മുഖം മൂടിയിട്ട മാന്യന്മാരും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു എന്നതും പച്ചയായ സത്യമാണ്. എനിക്ക് ഭീകര സാമ്പത്തിക നഷ്ടം വന്നെന്നും, ഞാൻ പൊളിഞ്ഞ് കുത്തുപാളയെടുത്തെന്നും പറഞ്ഞ് ചില കോമരങ്ങൾ ആഘോഷമാക്കി. സ്വിഗ്ഗിയെന്ന കമ്പനിയിൽ ഭക്ഷണം വീടുകളിൽ സപ്ലൈ ചെയ്യുന്ന ആളായിട്ടാണ് ജോലി ചെയ്യുന്നതെന്നായിരുന്നു വലിയ പ്രചാരണം. ആയിരക്കണക്കിന് ചെറുപ്പക്കാർ ചെയ്യുന്ന ഈ ജോലി, അത്ര മോശമായി എനിക്ക് തോന്നിയിട്ടില്ല. ഗൾഫിൽ ആദ്യകാലത്ത് ഞാൻ ചെയ്ത ജോലിയേക്കാൾ, എത്ര മികച്ചതാണ് ഇതെന്ന് ഇവന്മാർക്ക് അറിയില്ലായിരിക്കാം. ഒരു പിതൃശൂന്യന്റെ വീട്ടിൽ ഞാൻ ഭക്ഷണം കൊണ്ടു ചെന്നതായി ,നിഷ്കളങ്കമായി സോഷ്യൽ മീഡിയയിൽ സാക്ഷ്യപ്പെടുത്തിയത് ഇപ്പോഴുമോർക്കുന്നു.

അതുപോലെ തൃശ്ശൂർ ബസ്റ്റാൻഡിൽ ബുക്ക് വിറ്റു ഞാൻ നടക്കുന്നതായും, മീൻ പിടിച്ച് ജീവിക്കുന്നതായും പറഞ്ഞവരുമുണ്ട്… സിനിമയുടെ വിജയ, പരാജയത്തിൽ പ്രൊഡ്യൂസറുടെ റോള് പരിമിതമാണെന്ന് അറിയാമെങ്കിലും ,സാമ്പത്തിക നഷ്ടം സംഭവിച്ച്, ഹൃദയവേദനയോടെ ഇരിക്കുന്നവൻ കുത്തിനോവിക്കപ്പെടുന്നു. അഞ്ചുവർഷമെന്ന ചെറിയ കാലത്തിനുള്ളിൽ 2018, മാളികപ്പുറം, രേഖാചിത്രം തുടങ്ങിയ സിനിമകൾ ചെയ്യാൻ സാധിച്ചത് ദൈവനിശ്ചയം മാത്രം. ബ്ലോക്ക് ബസ്റ്റർ, സൂപ്പർ ഹിറ്റ് സിനിമകൾ മാത്രം ചെയ്യാനായി എന്തെങ്കിലും ഫോർമുലയുള്ളതായി എനിക്കറിയില്ല. കുറെയേറെ കാര്യങ്ങൾ ഒത്തു വരുമ്പോൾ മാത്രം സംഭവിക്കുന്ന കാര്യമാണത്. ദൈവാധീനവും, ഭാഗ്യവും കൂടെ തന്നെ ഉണ്ടാകണമെന്നു മാത്രം. മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും സംഭവിക്കാതെ സിനിമ പരാജയപ്പെട്ട്, വളരെ സാമ്പത്തിക നഷ്ടം സംഭവിച്ച്, മാനസികമായി തകർന്നിരിക്കുന്ന പ്രൊഡ്യൂസറെ ചീത്ത പറഞ്ഞ്, കളിയാക്കി തേജോവധം ചെയ്യുമ്പോൾ കിട്ടുന്ന ആത്മസുഖം എന്താണെന്ന് എനിക്കറിയില്ല. ഇവരെ കളിയാക്കുമ്പോൾ ഒരു കാര്യമോർക്കണം, അവന് നഷ്ടമായ പലതുമായിരുന്നു, കുറച്ചു നാളത്തേക്കെങ്കിലും ,പലരുടേയും ജീവിതമാർഗമെന്ന്.

സത്യസന്ധതയും ,ആത്മാർത്ഥതയും മുറുകെപ്പിടിച്ച്, കഠിനാധ്വാനം ചെയ്ത് ഈ ഹ്രസ്വ ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് എൻറെ മാർഗ്ഗം. ദുഃഖവും സന്തോഷവുമെല്ലാം ഇതിനിടയിൽ വന്നും, പോയുമിരിക്കും, അത് പ്രപഞ്ച സത്യം. ആടുജീവിതത്തിൽ നിന്നും, ഇന്നിവിടെ നിൽക്കാൻ എന്നെ സഹായിച്ചതും ഇതൊക്കെ തന്നെയായിരിക്കാം. ജീവിതത്തിലൊന്നും ശാശ്വതമല്ലെന്ന് ഓർത്താൽ, കൊടിയ ദുഃഖങ്ങളും, സന്തോഷങ്ങളുമെല്ലാം എവിടെയോ പോയ് മറയും.

Content Highlights: Venu Kunnappilly shares post about social media trolls

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us