തമിഴ് സിനിമ ഈ കൊല്ലം വമ്പൻ റിലീസുകള്‍ക്കാണ് പദ്ധതിയിടുന്നത്. കമൽ ഹാസൻ-മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ് ലൈഫ് മുതൽ അജിത് കുമാർ നായകനാകുന്ന വിടാമുയർച്ചിയും സൂര്യയുടെ റെട്രോയും അടക്കം നിരവധി സിനിമകളാണ് കോളിവുഡിൽ റിലീസിനൊരുങ്ങുന്നത്. ഇപ്പോഴിതാ തമിഴിലെ ഈ കൊല്ലത്തെ പ്രധാനപ്പെട്ട പത്തോളം റിലീസുകള്‍ വാങ്ങിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
അജിത്തിന്റെയും കമൽ ഹാസന്റെയും സൂര്യയുടെയും സിനിമകളുടെ ഒടിടി റീലീസ് നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും. ദുല്‍ഖര്‍ ചിത്രമായ കാന്തയും നെറ്റ്ഫ്ളിക്സിലുണ്ടാകും. ചിത്രങ്ങളുടെ ലിസ്റ്റ് അടക്കം പങ്കുവെച്ച് നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങള്‍ നെറ്റ്ഫ്ളിക്സിലെത്തുകയെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
ഗുഡ് ബാഡ് അഗളി, റിട്രോ, ബെെസണ്‍, ഡ്രാഗൺ, കാന്ത, പെര്സ്, വിടാമുയർച്ചി, തഗ് ലൈഫ് തുടങ്ങിയ ചിത്രങ്ങളും ഇതുവരെ പേരിടാത്ത പ്രദീപ് രംഗനാഥൻ ചിത്രവും നെറ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. റിലീസ് തീയതി പുറത്തുവിടാത്തതും ഇതുവരെയും പേരിട്ടില്ലാത്തതുമായ ചിത്രങ്ങള്‍ പോലും നെറ്റ്ഫ്ലിക്സ് വാങ്ങിയ ലിസിറ്റിൽ ഉണ്ടെന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനത്തിൽ ഒരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയും, വിജയ് നായകനാകുന്ന ദളപതി 69 നും ലിസ്റ്റിൽ ഇല്ലാത്തതും ആരാധകരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
രണ്ട് സിനിമകൾക്കും വലിയ ഹൈപ്പ് ഉള്ളതിനാൽ തന്നെ തിയേറ്റർ റിലീസിന് ശേഷമായിരിക്കും ഈ സിനിമകളുടെ ഒടിടി റിലീസ് സംബന്ധിച്ച കാര്യങ്ങളിലേക്ക് അണിയറപ്രവര്‍ത്തകര്‍ കടക്കൂ എന്നാണ് കരുതപ്പെടുന്നത്. ഇരു സിനിമകളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്.
Content Highlights: All major Tamil releases in 2025 will be streamed on Netflix