വിജയ് സേതുപതി നായകനായെത്തിയ മഹാരാജ തമിഴ്‌നാട്ടില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയിരുന്നു. ചൈനയില്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ വലിയ വിജയം നേടിയപ്പോള്‍ ഒടിടിയിലൂടെ അനവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചിത്രത്തിന് പ്രേക്ഷകരായി എത്തി.
ചിത്രത്തില്‍ പ്രകടനം കൊണ്ട് ഞെട്ടിച്ചവരില്‍ സംവിധായകന്‍ അനുരാഗ് കശ്യപും ഉണ്ടായിരുന്നു.
പ്രതിനായക വേഷത്തിലെത്തിയ അനുരാഗ് കശ്യപിന്റെ സെല്‍വം എന്ന കഥാപാത്രവും പ്രകടനവും പ്രേക്ഷമനസില്‍ ഇടംനേടിയിരുന്നു. വെറുമൊരു വില്ലന്‍ കഥാപാത്രമനുപ്പുറം ആഴത്തിലുള്ള കഥാപാത്രസൃഷ്ടി സെല്‍വത്തിനായി സംവിധായകനും തിരക്കഥാകൃത്തുമായ നിതിലന്‍ സാമിനാഥന്‍ സമ്മാനിച്ചിരുന്നു.
മഹാരാജയിലൂടെ അനുരാഗ് കശ്യപിനെ തേടിയെത്തിയ അഭിനന്ദനങ്ങളിലെ മികച്ച ഒരു നിമിഷത്തെ കുറിച്ച് നിതിലന്‍ സാമിനാഥന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മഹാരാജയിലെ പ്രകടനം കണ്ട് ലോകപ്രശസ്ത സംവിധായകന്‍ അലജാന്‍ഡ്രോ ഇനാരിറ്റു അനുരാഗ് കശ്യപിനെ തന്റെ സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ചുവെന്നാണ് നിതിലന്‍ പറയുന്നത്.
'അനുരാഗ് കശ്യപിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബോംബെ പോയിരുന്നു. അവിടെ വെച്ച് അദ്ദേഹം ഒരു കാര്യം പറഞ്ഞു, 'ഇനാരിറ്റു എന്നെ അദ്ദേഹത്തിന്റെ പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. മഹാരാജ കൊണ്ട് മാത്രമാണ് അത് സംഭവിച്ചത്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി,' നിഥിലന്‍ പറഞ്ഞു. ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
"Anurag kashyap recently told me that Alejandro inarritu called him to act in his next movie after seeing maharaja" pic.twitter.com/fJd9R8QjDZ
— Madras Film Screening Club 🎬 (@MadrasFSC) January 14, 2025
2024 ജൂണില്‍ തിയേറ്ററുകളിലെത്തിയ മഹാരാജ വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വലിയ വിജയച്ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു. ക്രൈം ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങിയ ചിത്രം 190 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പ്രേക്ഷകപ്രശംസയോടൊപ്പം വലിയ നിരൂപകശ്രദ്ധയും മഹാരാജ നേടിയിരുന്നു.
Content Highlights: Nithilan Saminathan reveals Anurag Kashyap got call from Inarittu bacause of Maharaja movie