
ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആനുഗ്രഹീതന്‍ ആന്‍റണി എന്ന ചിത്രം ഒരുക്കിയ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജെയിംസ് സെബാസ്റ്റ്യന്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ സഹ നിർമ്മാണം മിഥുൻ മാനുവൽ തോമസാണ് നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
'അനുഗ്രഹീതൻ ആന്റണിക്ക് ശേഷം പ്രിയപ്പെട്ട പ്രിൻസ് സംവിധാനം ചെയ്യുന്ന സിനിമ.. പ്രധാന വേഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ജയേട്ടനും വിനായകൻ ചേട്ടനും. നിർമ്മാണം ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന്..! പ്രിയപ്പെട്ടവൻ ജെയിംസ് എഴുതുന്നത് ഇരട്ടി സന്തോഷം,' എന്ന് മിഥുൻ മാനുവൽ തോമസ് കുറിച്ചു.
ആട് 3 എന്ന സിനിമയും മിഥുൻ മാനുവൽ തോമസ്-ജയസൂര്യ കൂട്ടുകെട്ടിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസ് ആയി ആട് 3 തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. ഈ അടുത്താണ് സിനിമയുടെ തിരക്കഥ പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചത്.
കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മിഥുനും ജയസൂര്യയും വിജയ് ബാബുവും ആടിനെയും പിടിച്ച് 'ഷാജി പാപ്പന്‍' സ്റ്റൈലില്‍ നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മൂന്നാം ഭാഗം 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും മിഥുൻ മാനുവലും നേരത്തെ പറഞ്ഞിരുന്നത്.
Content Highlights: Jayasurya and Vinayakan to join for a new movie