പഴയ രീതിയിൽ തന്നെ തുടരുന്നത് കൊണ്ടാണ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതെന്ന്
ബോളിവുഡ് സംവിധായകൻ രാകേഷ് റോഷൻ. സൗത്തിന്ത്യന്‍ സിനിമകളിൽ പുതുതായി ഒന്നും പരീക്ഷിക്കുന്നില്ലെന്നും എന്നാൽ ബോളിവുഡ് സിനിമകൾ മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ടെന്നും രാകേഷ് റോഷൻ പറഞ്ഞു.
കഹോ നാ…പ്യാർ ഹേ സിനിമയ്ക്ക് ശേഷം താൻ റൊമാന്‍റിക് ചിത്രങ്ങൾ ചെയ്തില്ലെന്നും വ്യത്യസ്തമായ സിനിമകളാണ് ചെയ്തതെന്നും ഉദാഹരണമായി രാകേഷ് റോഷന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കാൻ സൗത്ത് സിനിമാ പ്രവർത്തകർ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
'പാട്ട്, ആക്ഷൻ, ഡയലോഗ്, ഇമോഷൻ എന്നിവ ചേര്‍ന്ന പഴയ രീതിയാണ് സൗത്ത് സിനിമകള്‍
പിന്തുടരുന്നത്. ഇതാണ് സൗത്ത് സിനിമകൾ വിജയിക്കാൻ കാരണം. ടെക്‌നിക്കലി അവിടെ മാറ്റങ്ങളും പുരോഗമനവും സംഭവിക്കുന്നുണ്ടെങ്കിലും കഥ പറയുന്ന രീതികള്‍ പഴയ പടി തുടരുകയാണ്. എന്നാൽ ബോളിവുഡ് സിനിമകൾ അങ്ങനെ അല്ല. മാറ്റങ്ങൾ കൊണ്ട് വരുന്നതിൽ ബോളിവുഡ് സിനിമകൾ മുന്നിട്ടു നിൽക്കുന്നു.
കഹോ നാ…പ്യാർ ഹേ എന്ന ചിത്രത്തിന് ശേഷം റൊമാൻ്റിക് സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. അതിന് ശേഷം കോയി… മിൽ ഗയ ചെയ്തു. പിന്നെ ഹൃത്വിക് റോഷനെ സൂപ്പർ ഹീറോ ആക്കി. ഇതൊക്കെയാണ് ഞങ്ങൾ ഏറ്റെടുത്ത വെല്ലുവിളികൾ. ഇത്തരം വെല്ലുവിളികൾ സൗത്ത് സിനിമകള്‍ എടുക്കുന്നില്ല. സുരക്ഷിതമായ ഗ്രൗണ്ടില്‍ മാത്രമാണ് അവർ കളിക്കുന്നത്,' രാകേഷ് റോഷൻ പറഞ്ഞു.
അതേസമയം, ഹൃത്വിക് റോഷന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കഹോ നാ…പ്യാർ ഹേ എന്ന ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. രാകേഷ് റോഷൻ, രാജേഷ് റോഷൻ, ഹൃത്വിക് റോഷൻ ടീമിന്റെ 'ദി റോഷൻസ്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയാണ് ഇനി റിലീസിനൊരുങ്ങുന്നത്. ജനുവരി 9 ന് മുംബൈയിൽ വെച്ച് സീരിസിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നിരുന്നു.
Content Highlights: Rakesh Roshan says South Indian films are not ready to take risks and that is the reason for their success