ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയിലെ ഒരു സഹ അഭിനേതാവിന്റ രംഗം കട്ട് ചെയ്ത് പോയതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം ആസിഫ് പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. സുലേഖ എന്ന വ്യക്തി അഭിനയിച്ച രംഗമായിരുന്നു ദൈർഘ്യം കൂടിയതിനാൽ ഡിലീറ്റ് ചെയ്തത്. എന്നാൽ ഇത് അറിയാതെ സിനിമ കാണാനെത്തിയ സുലേഖ പൊട്ടിക്കരഞ്ഞതും ആസിഫ് സമാധാനിപ്പിച്ചതുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പിന്നാലെ ആസിഫും സിനിമയുടെ സംവിധായകൻ ജോഫിൻ ടി ചാക്കോയും ഈ രംഗങ്ങൾ യൂട്യൂബിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.
ഇപ്പോൾ തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ ആ രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആസിഫ് അലിയുടെ കഥാപാത്രം അന്വേഷണത്തിന്റെ ഭാഗമായി സുലേഖ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടുത്ത് എത്തുന്നതും പിന്നീട് നടക്കുന്ന ചിരിപ്പിക്കുന്ന നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്.
ഈ രംഗം പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. വളരെ കുറച്ച് മാത്രമേയുള്ളുവെങ്കിലും സുലേഖയുടെ പ്രകടനത്തെ പലരും പ്രശംസിക്കുന്നുണ്ട്. മാത്രമല്ല പറഞ്ഞത് പോലെ ആ രംഗം റിലീസ് ചെയ്ത രേഖാത്രത്തിന്റെ അണിയറപ്രവർത്തകരെ പലരും പ്രശംസിക്കുന്നുണ്ട്.
അതേസമയം ജനുവരി ഒമ്പതിന് റിലീസ് ചെയ്ത രേഖാചിത്രം ഇതിനകം 33 കോടിയിലധികം രൂപ നേടി കഴിഞ്ഞു. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി ചിത്രം മാറിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.
രേഖാചിത്രത്തിൽ അനശ്വര രാജനാണ് നായിക. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
Content Highlights: Rekhachithram deleted scene out