ഒരു ഷങ്കർ ചിത്രം റിലീസ് ചെയ്യുക എന്നാൽ ആഭ്യന്തര ബോക്സ് ഓഫീസിന് മാത്രമല്ല രാജ്യാന്തര തലത്തിൽ പോലും ആഘോഷമാകാറുണ്ട്. എന്നാൽ രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രം ഗെയിം ചേഞ്ചർ തിയേറ്ററുകളിൽ തകർന്നടിയുന്ന കാഴ്ചയാണുള്ളത്. 400 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് തീർത്തും നിരാശാജനകമായ പ്രകടനമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരു വാരം പിന്നിടുമ്പോൾ സിനിമയുടെ വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിലെ പ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സിനിമയുടെ ഇതുവരെയുള്ള വടക്കേ അമേരിക്കൻ ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 1.98 മില്യൺ യുഎസ് ഡോളറാണ്. സിനിമ ആകെ 2.2 മില്യൺ ഡോളറോളം മാത്രമേ നേടുകയുള്ളൂ എന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ചിത്രത്തിൻ്റെ ബ്രേക്ക്-ഇവൻ പോയിന്റ് 4.5 മില്യൺ യുഎസ് ഡോളറാണ്. അങ്ങനെയെങ്കിൽ വിതരണക്കാർക്ക് ഉണ്ടാകുന്ന നഷ്ടം രണ്ട് മില്യൺ ഡോളറിലധികമാണ്. അതായത് ഇന്ത്യൻ രൂപ 17 കോടിയിലധികം.
വടക്കേ അമേരിക്കൻ ബോക്സ് ഓഫീസ് എന്നത് തെലുങ്ക് സിനിമകൾക്ക് ഏറെ സ്വീകാര്യതയുള്ള മാർക്കറ്റാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ 15 മില്യൺ യുഎസ് ഡോളറിലധികം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഗെയിം ചേഞ്ചർ സിനിമയിൽ താൻ പൂർണ തൃപ്തനല്ലെന്ന് പറയുകയാണ് സംവിധായകൻ ഷങ്കർ കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'എല്ലാ ഫിലിം മേക്കേഴ്‌സിനും അങ്ങനെയാണ്, പൂർണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്‌പുട്ടിൽ ഞാൻ പൂർണ്ണമായി തൃപ്തനല്ല, സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈർഘ്യം 5 മണിക്കൂറിൽ കൂടുതലുണ്ട്,' എന്നായിരുന്നു ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഷങ്കറിന്റെ പ്രതികരണം.
Content Highlights: Game Changer distributors to face 2Million loss in America