വെല്ലുവിളികളെ അതിജീവിച്ച് സിനിമയെന്ന സ്വപ്നം സാക്ഷാത്കരിച്ച രാഗേഷ് കൃഷ്ണന് പിന്തുണയുമായി മാർക്കോ ടീം

രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്

dot image

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ തരംഗമായിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. 100 കോടിക്ക് മേൽ കളക്ഷനുമായി ബോക്സോഫീസിൽ ചിത്രം കുതിക്കുകയാണ്. ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് 'മാർക്കോ' നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.

സെറിബ്രൽപാൾസി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സാമ്പത്തിക സഹായവും തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് 'മാർക്കോ' ടീം. രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയേറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.

'കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്‍റെ ചിത്രം കളം@24 മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധി പേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹം നേരിട്ടാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു. സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെ പോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണുമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്‍. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്', രാഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ. മാർക്കോ ടീമിന്റെ ഈ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിന്ന് വലിയ പ്രശംസ ലഭിക്കുന്നുണ്ട്.

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന 'മാർക്കോ' മലയാളത്തിൽ നിന്നും ഇതുവരെ പുറത്തുവരാത്ത രീതിയിലുള്ള സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന 'മാർക്കോ' ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്.

Content Highlights: Marco Team supports Ragesh Krishnan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us